Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാരിന്റെ വലം കൈയായി വനിതാ മതിലിനൊപ്പം നിന്ന പുന്നല ശ്രീകുമാറിനേയും വെള്ളാപ്പള്ളി നടേശനേയും ഞെട്ടിച്ചു കൊണ്ട് സിപിഎം സാമ്പത്തിക സംരണത്തിനൊപ്പം ഉറച്ചു നിൽക്കുന്നു; ഈ നിലപാട് കൊണ്ട് ഒപ്പം എത്തേണ്ട എൻ എസ് എസ് അമ്പിനും വില്ലിനും അടുക്കുന്നില്ല; നവോത്ഥാന വനിതാ മതിലു തീർത്ത നേട്ടം കണ്ണടച്ച് തുറക്കും മുമ്പ് മോദി മാജിക്കിൽ ഒലിച്ചു പോവുമോ എന്ന് ഭയന്ന് സിപിഎം; പിണറായിയുടെ ഇടതും വലതും നിന്ന വെള്ളാപ്പള്ളിയും പുന്നലയും സംവരണ പ്രശ്‌നത്തിൽ മതിലു ചാടുമെന്ന ആശങ്കയിൽ സിപിഎം

സർക്കാരിന്റെ വലം കൈയായി വനിതാ മതിലിനൊപ്പം നിന്ന പുന്നല ശ്രീകുമാറിനേയും വെള്ളാപ്പള്ളി നടേശനേയും ഞെട്ടിച്ചു കൊണ്ട് സിപിഎം സാമ്പത്തിക സംരണത്തിനൊപ്പം ഉറച്ചു നിൽക്കുന്നു; ഈ നിലപാട് കൊണ്ട് ഒപ്പം എത്തേണ്ട എൻ എസ് എസ് അമ്പിനും വില്ലിനും അടുക്കുന്നില്ല; നവോത്ഥാന വനിതാ മതിലു തീർത്ത നേട്ടം കണ്ണടച്ച് തുറക്കും മുമ്പ് മോദി മാജിക്കിൽ ഒലിച്ചു പോവുമോ എന്ന് ഭയന്ന് സിപിഎം; പിണറായിയുടെ ഇടതും വലതും നിന്ന വെള്ളാപ്പള്ളിയും പുന്നലയും സംവരണ പ്രശ്‌നത്തിൽ മതിലു ചാടുമെന്ന ആശങ്കയിൽ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ നവോത്ഥാനത്തിലൂടെ പിണറായി വിജയൻ ലക്ഷ്യമിട്ടത് പിന്നോക്ക വോട്ടുകളായിരുന്നു. ഇതിന് വേണ്ടായിണ് വനിതാ മതിൽ തീർത്തതും. ശബരിമലയിലെ വിശ്വാസ സമൂഹം എതിരാകുമ്പോൾ ന്യൂനപക്ഷങ്ങളിലൂടേയും പിന്നോക്കക്കാരിലൂടേയും വോട്ടുറപ്പിച്ച് ലോക് സഭയിൽ നേട്ടമുണ്ടാക്കാനുള്ള ഇടത് തന്ത്രം. എന്നാൽ മതിൽ കെട്ടി ഏഴാം ദിനം പിണറായി സർക്കാരിനെ കുഴക്കാൻ മോദി മാജിക്കെത്തി. ഭൂരിപക്ഷത്തെ ചേർത്ത് നിർത്താൻ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് വേണ്ടി സംവരണമെത്തി. ഈ സംവരണത്തിന് വേണ്ടി ആദ്യം വാദിച്ചത് പിണറായി വിജയനും ഇടതുപക്ഷവുമായിരുന്നു. അതുകൊണ്ട് തന്നെ മുന്നോക്ക സംവരണത്തിൽ പിണറായിക്ക് മോദിയെ അംഗീകരിക്കേണ്ട അവസ്ഥയെത്തി. ഇതാണ് നവോത്ഥാന വനിതാ മതിലിൽ വിള്ളലുണ്ടാക്കുന്നത്.

വനിതാ മതിലിലെ 'ചതി'യും ഇതിനോടകം ചർച്ചയായിരുന്നു. ശബരിമലയ്ക്ക് വേണ്ടിയല്ല മതിലെന്ന് പറഞ്ഞ് വനിതകളെ അണിനിരത്തിയ ശേഷം അടുത്ത ദിവസം തന്നെ യുവതികളെ പിണറായി സർക്കാർ സന്നിധാനത്ത് എത്തിച്ചു. ഇതോടെ മതിലിൽ പങ്കെടുത്ത വിശ്വാസികളുടെ വികാരം വൃണപ്പെട്ടു. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ തന്നെ ചതിയെ കുറിച്ച് തുറന്നു. ശബരിമലയിലെ വിശ്വാസങ്ങൾക്കാണ് ഈഴവ സമൂഹത്തിന് പ്രധാനമെന്നും വ്യക്തമാക്കി. ഇതോടെ വനിതാ മതിലിലെ ആദ്യ കട്ട ഇളകിയതായി വിലയിരുത്തലെത്തി. എന്നാൽ വെള്ളാപ്പള്ളി പിണറായിയ്‌ക്കൊപ്പം ചേർന്നാണ് ഈ ഘട്ടത്തിൽ പറഞ്ഞത്. പ്രീതിയുടെ വാക്കുകളെ തള്ളി പറയുകയും ചെയ്തു. അങ്ങനെ ആടിയുലയുമ്പോഴാണ് സംവരണത്തിലെ മോദി ഇടപെടലും പിണറായിയുടെ പിന്തുണയും എത്തുന്നത്. ജാതി സംവരണത്തെ അട്ടിമറിക്കാൻ പിണറായിയും കൂട്ടു നിൽക്കുന്നുവെന്ന് വെള്ളാപ്പള്ളിയും തിരിച്ചറിയുന്നു. ഇതിനെ അംഗീകരിക്കാൻ എസ് എൻ ഡി പിക്ക് കഴിയില്ല. ഇത് തന്നെയാണ് കെപിഎംഎസ് നേതാവായ പുന്നല ശ്രീകുമാറിന്റേയും അവസ്ഥ. ജാതി സംവരണത്തോടെ പുന്നലയും സിപിഎമ്മുമായി അകലും.

ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പിലാക്കിയത് സിപിഎമ്മാണ്. എൻ എസ് എസ് നിർദ്ദേശ പ്രകാരമായിരുന്നു ഇത്. ഈ സംവരണം പോലും എസ് എൻ ഡി പിയുടെ എതിർപ്പിന് കാരണമായി. അതുകൊണ്ട് തന്നെ സിപിഎം സാമ്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോൾ എൻ എസ് എസ് പിണറായിക്ക് അനുകൂലമാകേണ്ടതാണ്. അത് ഇവിടെ സംഭവിക്കില്ല. ശബരിമല വിഷയത്തിൽ സിപിഎമ്മുമായി എൻ എസ് എസ് പൂർണ്ണമായും തെറ്റിക്കഴിഞ്ഞു. ബിജെപിക്ക് അനുകൂലമാണ് എൻ എസ് എസിന്റെ പല നിലപാടുകളും. അതുകൊണ്ട് തന്നെ സംവരണ ചർച്ച ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ ഉയർത്തുന്നത് കേരളത്തിൽ സിപിഎമ്മിന് വലിയ വെല്ലുവിളിയായി മാറും.

ശബരിമലയിലെ കുറവുകൾ പരിഹരിക്കാൻ സിപിഎം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് പുന്നല ശ്രീകുമാറിന്റെ നേതൃമികവുകളിലൂടെ മുന്നേറ്റം സാധ്യമാക്കിയായിരുന്നു. മാവേലിക്കരയിൽ ഇടത് സ്ഥാനാർത്ഥിയായി പുന്നലയെ മത്സരിപ്പിക്കാനും ആലോചിച്ചു. വനിതാ മതിലിൽ ഇടതു വശത്ത് വെള്ളാപ്പള്ളി നിൽക്കുമ്പോൾ വലതു ഭാഗത്ത് പുന്നലയെ ആയിരുന്നു പിണറായി ചേർത്ത് നിർത്തിയത്. ശബരിമലയിലും ഇടതുപക്ഷത്തോട് ചേർന്ന സമീപനമായിരുന്നു പുന്നലയുടേത്. യുവതി പ്രവേശനത്തെ അനുകൂലിക്കുകയും ചെയ്തു. ഇതോടെ എല്ലാ അർത്ഥത്തിലും സർക്കാരിന് പ്രിയങ്കരനായി മാറിയ നേതാവായിരുന്നു പുന്നല. സംവരണത്തിലെ സിപിഎം നയത്തോടെ ഒട്ടും അനുകൂലിക്കാൻ പുന്നലയ്ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ സംവരണത്തെ അനുകൂലിക്കുന്നവരിൽ നിന്ന് കൃത്യമായ അകലം കെപിഎംഎസ് നേതാവ് സ്വീകിരക്കും. ഇതോടെ നവോത്ഥാന വനിതാ മതിൽ ഇടതും വലതും പിളരുകയാണ്.

ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഭാര്യ പ്രീതി നടേശനും യോഗം വൈസ് പ്രസിഡന്റുകൂടിയായ മകൻ തുഷാർ വെള്ളാപ്പള്ളിയും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വന്നതാണു പാർട്ടിക്കും സർക്കാരിനും തലവേദനയുണ്ടാക്കുന്നത്. വനിതാമതിൽ പുലരിയിൽ തന്നെ 2 യുവതികളെ ശബരിമലയിലെത്തിച്ചതു യോഗത്തെ ചൊടിപ്പിച്ചു. വനിതാമതിലിനായി രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടർ പ്രവർത്തനങ്ങളിലൂടെ സാമുദായിക സംഘടനകളെ എൽഡിഎഫിനോടു ചേർത്തുനിർത്താനാണു സിപിഎം തീരുമാനം. മതിലിനു ശേഷം വെള്ളാപ്പള്ളിയുമായും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറുമായും സംസാരിച്ചു മുഖ്യമന്ത്രി തുടർസഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളി 'മനോരമ'യോട് പ്രതികരിച്ചു: ''മതിലിന്റെ കാര്യത്തിൽ വഞ്ചിക്കപ്പെട്ടതു കൊണ്ട് തുടർസഹകരണത്തിന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം യോഗം നേതൃസമിതികൾ കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കും. ജനറൽ സെക്രട്ടറിക്കു മാത്രമായി തീരുമാനിക്കാൻ കഴിയില്ല.'. എസ് എൻ ഡി പിക്ക് ശബരിമലയിലുള്ള അതൃപ്തിയാണ് ഈ വാക്കുകളിൽ ഉള്ളത്. സംവരണത്തെ പിണറായി അനുകൂലിക്കുന്നതോടെ എസ് എൻ ഡി പി പൂർണ്ണമായും സർക്കാരിൽ നിന്നും അകലും.

ശബരിമലയിൽ എൻഎസ്എസ് പൂർണമായും അപ്പുറത്തായതോടെ എസ്എൻഡിപിയുടെ പിന്തുണ സിപിഎമ്മിനു പ്രധാനമാണ്. ശബരിമലയുടെ കാര്യത്തിലെടുത്ത കടുത്ത നിലപാട് വിശ്വാസികളെ ശത്രുപക്ഷത്താക്കിയ സാഹചര്യത്തിൽ ചെറുതും വലുതുമായ ഈ ഹൈന്ദവ സംഘടനകളുടെ പിന്തുണ നിർണായകമാണ്. എൻഎസ്എസ് വോട്ടുകൾ യുഡിഎഫിനും ബിജെപിക്കുമായി ചിതറുകയും എൽഡിഎഫിനു മറ്റു വിഭാഗങ്ങളുടെ പിന്തുണ കിട്ടുകയും ചെയ്താൽ ക്ഷീണമുണ്ടാകില്ലെന്ന പ്രതീക്ഷയായിരുന്നു സിപിഎമ്മിന്. എന്നാൽ സംവരണത്തിലെ നിലപാടിലൂടെ ഈ ചെറു കക്ഷികളും എൽഡിഎഫിൽ നിന്നും അകലും. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് ഇടതുപക്ഷം നീങ്ങും.

സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണെന്നും വെള്ളാപ്പള്ളി പറയുന്നു. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിക്ക് മുന്നോക്ക സംവരണത്തെ അനുകൂലിക്കുന്ന പിണറായിയെ ഇനി ഉയർത്തിക്കാട്ടാൻ കഴിയില്ല. എൻ എസ് എസ് മുന്നോക്ക് സംവരണത്തെ അനുകൂലിച്ചതു കൊണ്ട് മാത്രമാണ് ഇതിനെ എതിർത്തെന്ന് പോലും വിമർശനം ഉയരും. അതിനാൽ മുന്നോക്ക സംവരണത്തിലെ ചതിക്കുഴികൾ ഉയർത്തി പുതിയൊരു സമരമുഖം തുറക്കാൻ വെള്ളാപ്പല്‌ളിയെത്തും.

ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തിൽനിന്നു കേന്ദ്ര സർക്കാർ പിന്മാറണം. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്നു സുപ്രീംകോടതി പല വട്ടം വിധിച്ചതാണ്. പിന്നാക്ക വർഗങ്ങൾക്കാണു ഭരണഘടന സംവരണം നൽകിയിട്ടുള്ളത്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രം. സമുദായ സംവരണം ഉണ്ടായിട്ടുപോലും കേന്ദ്ര, സംസ്ഥാന സർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ, മുന്നാക്ക വിഭാഗങ്ങൾക്കു ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തണം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എൻഡിപി യോഗം ഒരിക്കലും എതിരല്ല. അതിനാവശ്യമായ സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാവുന്നതാണെന്നും വെള്ളാപ്പള്ളി പറയുന്നു.

അതേസമയം, മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ എൻഎസ്എസ് സ്വാഗതം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഇത് തന്നെയാണ് പിണറായിയുടെ വാക്കുകളിലും ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പുന്നലയ്ക്കും വെള്ളാപ്പള്ളിക്കും ഇനി ഇടത് സർക്കാരിനൊപ്പം നിൽക്കാൻ കഴിയില്ലെന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP