Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനത്തിന്റെ വരവിന് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടാത്തതിനാൽ തിരുവനന്തപുരത്തിന് വേണ്ടി ബിജെപിയിൽ കടിപിടി; സുരേഷ് ഗോപിയും ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും വരെ തലസ്ഥാനത്തോട് കമ്പം; കടുത്ത സമ്മർദ്ദം ഉണ്ടെങ്കിലും മത്സരിക്കാൻ ഇല്ലെന്ന് തീർത്തു പറഞ്ഞ് മോഹൻലാൽ; നമ്പിനാരായണനെ എൽഡിഎഫും നോട്ടമിട്ടതോടെ ആശയക്കുഴപ്പം തുടരുന്നു; കൊല്ലത്ത് മത്സരിച്ച് തോൽക്കാൻ വിസമ്മതിച്ച് സുരേഷ് ഗോപി; നാളെ മോദി കേരളത്തിൽ എത്തുമ്പോൾ ലോക്‌സഭാ സ്ഥാനാർത്ഥികളെ ചൊല്ലി ബിജെപിയിൽ തർക്കം

കുമ്മനത്തിന്റെ വരവിന് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടാത്തതിനാൽ തിരുവനന്തപുരത്തിന് വേണ്ടി ബിജെപിയിൽ കടിപിടി; സുരേഷ് ഗോപിയും ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും വരെ തലസ്ഥാനത്തോട് കമ്പം; കടുത്ത സമ്മർദ്ദം ഉണ്ടെങ്കിലും മത്സരിക്കാൻ ഇല്ലെന്ന് തീർത്തു പറഞ്ഞ് മോഹൻലാൽ; നമ്പിനാരായണനെ എൽഡിഎഫും നോട്ടമിട്ടതോടെ ആശയക്കുഴപ്പം തുടരുന്നു; കൊല്ലത്ത് മത്സരിച്ച് തോൽക്കാൻ വിസമ്മതിച്ച് സുരേഷ് ഗോപി; നാളെ മോദി കേരളത്തിൽ എത്തുമ്പോൾ ലോക്‌സഭാ സ്ഥാനാർത്ഥികളെ ചൊല്ലി ബിജെപിയിൽ തർക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃശൂരിൽ കെ സുരേന്ദ്രൻ, കൊല്ലത്ത് സുരേഷ് ഗോപി, പാലക്കാട് ശോഭാ സുരേന്ദ്രൻ, കണ്ണൂരിൽ സികെ പത്മനാഭൻ... ഇങ്ങനെയായിരുന്നു ബിജെപി മനസ്സിൽ കണ്ട സ്ഥാനാർത്ഥി പട്ടിക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനും ആഗ്രഹിച്ചു. എന്നാൽ മിസോറാം ഗർവണ്ണറായ കുമ്മനത്തോട് രാഷ്ട്രീയത്തിൽ സജീവമാകാൻ ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മിസോറാമിൽ നിന്ന് കുമ്മനം പറന്നെത്തില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ബിജെപിക്ക് കൂടുതൽ ജയപ്രതീക്ഷയുള്ള തിരുവനന്തപുരത്തെ നോട്ടമിടുകയാണ് കേരളത്തിലെ ബിജെപി നേതാക്കൾ. സുരേഷ് ഗോപിക്കും കെ സുരേന്ദ്രനും തിരുവനന്തപുരത്ത് മത്സരിക്കാനാണ് കൂടുതൽ താൽപ്പര്യം. ഇതിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും തിരുവനന്തപുരമെങ്കിൽ മത്സരിക്കാൻ തയ്യാറാണ്. ഇതോടെ കുമ്മനത്തിന് അപ്പുറം കൂടുതൽ സാധ്യത സുരേഷ് ഗോപിക്കാണെന്ന സൂചനയും പുറത്തുവരുന്നു.

ശബരിമല പ്രക്ഷോഭത്തോടെ എൻ എസ് എസ് ബിജെപിയുമായി കൂടുതൽ അടുത്തു. ഇതിന്റെ പ്രതിഫലനം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ബിജെപിക്കാരുടെ പൊതു വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനോട് രാജഗോപാൽ തോറ്റത് പന്ത്രണ്ടായിരം വോട്ടിനാണ്. ഇത് മറികടക്കാനുള്ള കരുത്ത് തിരുവനന്തപുരത്ത് ബിജെപിക്ക് ഇന്നുണ്ടെന്നാണ് പാർട്ടിക്കാരുടെ വിലയിരുത്തൽ. ഇതുകൊണ്ട് കൂടിയാണ് തിരുവനന്തപുരത്തിന് വേണ്ടി അണിയറ നീക്കം സജീവമാകുന്നത്. ശബരിമലയിലെ പോരാട്ട നായകനായ തനിക്ക് തിരുവനന്തപുരത്ത് സീറ്റ് വേണമെന്നാണ് സുരേന്ദ്രന്റെ നിലപാട്. എന്നാൽ തൃശൂരിലാകും സുരേന്ദ്രന്റെ സീറ്റെന്ന് പരിവാർ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സുരേന്ദ്രനെ പോലെ ശ്രീധരൻപിള്ളയും തിരുവനന്തപുരത്തെ മോഹിക്കുന്നു. നായർ സമുദായംഗമായ തനിക്ക് തിരുവനന്തപുരത്ത് ജയം ഉറപ്പിക്കാനാവുമെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്. ഇതിനിടെയാണ് തിരുവനന്തപുരത്തെ താൽപ്പര്യത്തോടെ സുരേഷ് ഗോപിയും കാണുന്നത്.

സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലമാണ്. അതിനാൽ സുരേഷ് ഗോപിയോട് കൊല്ലത്ത് മത്സരിക്കാനാണ് ബിജെപി നേൃത്വം ആവശ്യപ്പെട്ടത്. തിരുവനന്തപുരത്ത് മോഹൻലാലിനെ മത്സരിപ്പിക്കാനായിരുന്നു താൽപ്പര്യം. മോഹൻലാൽ അല്ലെങ്കിൽ കുമ്മനം എന്ന് പരിവാറുകാരും കരുതി. ഇതിനിടെയാണ് മത്സരിക്കാനില്ലെന്ന് മോഹൻലാൽ അടിവരയിട്ട് പറഞ്ഞത്. സമ്മർദ്ദം ഏറെ ചെലുത്തിയിട്ടും പിന്മാറിയില്ല. മിസോറാമിലെ ഭരണത്തെ നിയന്ത്രിക്കുന്നതിൽ മികച്ച പാടവും കാട്ടിയ കുമ്മനത്തെ അവിടെ നിന്ന് മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. വടക്ക് കിഴക്കൻ മേഖലയിലെ സാമൂഹിക സമവാക്യങ്ങൾ ബിജെപിക്ക് അനുകൂലമാക്കി മാറ്റാൻ കുമ്മനത്തിന്റെ സാന്നിധ്യത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കുമ്മനത്തിന് കേരളത്തിലേക്ക് തിരിച്ചു വരാൻ താൽപ്പര്യമുണ്ടെങ്കിലും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അതിനോട് യോജിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുമ്മനത്തെ മിസോറാമിൽ നിർത്താനാണ് ആഗ്രഹിക്കുന്നത്. ജയം ഉറപ്പില്ലാത്തിടത്ത് കുമ്മനം മത്സരിക്കേണ്ടതില്ലെന്നാണ് മോദിയുടെ നിലപാടും.

നാളെ മോദി കേരളത്തിൽ എത്തുന്നുണ്ട്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി അനൗപചാരിക ചർച്ചയും നടത്തും. കേരളത്തിൽ നിന്ന് സീറ്റ് കിട്ടിയേ മതിയാകൂവെന്നാണ് മോദിയുടെ പക്ഷം. ഇതിന് വേണ്ടികൂടിയാണ് വളരെ നേരത്തെ തന്നെ മോദി കേരളത്തിലെത്തുന്നത്. ശബരിമല വിഷയത്തിലും മുന്നോക്ക സംവരണത്തിലും കേരളത്തിൽ ബിജെപിക്ക് അനുകൂല ചലനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ലെന്നും കേരളത്തിലെ സ്ഥിതി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. സംതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. മത്സരിക്കുന്നവരെപ്പറ്റി പറയാറായിട്ടില്ലെന്നുമാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. മോദിയുടെ പ്രചരണങ്ങളിൽ വൻ ജനമൊഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. മോദി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബിജെപി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. ശബരിമല യുവതീപ്രവേശത്തിൽ ബിജെപി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം.

നടൻ മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ബിജെപി. വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. നിലവിൽ എംപി.യായ നടൻ സുരേഷ്ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, സുരേഷ്ഗോപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയരുന്നത്. ഇടതു സ്ഥാനാർത്ഥിയായി നമ്പി നാരായണൻ എത്തുമെന്ന പ്രചരണവും സജീവമാണ്. അതിനിടെ നമ്പി നാരായണനെ തിരുവനന്തപുരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ ബിജെപിയും ശ്രമിക്കുന്നുണ്ട്. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ടില്ലെങ്കിൽ ഇത് നടക്കില്ല. അവസാനശ്രമമെന്ന നിലയിൽ ദേശീയതലത്തിൽനിന്ന് മോഹൻലാലിനുമേൽ സമ്മർദമുണ്ടായി. ലാലും ഒഴിഞ്ഞു മാറി. രാജ്യസഭാംഗമായി സുരേഷ്ഗോപിയുടെ കാലാവധി ഇനി മൂന്നുകൊല്ലത്തോളമുണ്ട്. അതുകൊണ്ട് തന്നെ കൊല്ലത്ത് മത്സരിച്ച് തോൽക്കാൻ സുരേഷ് ഗോപിക്ക് താൽപ്പര്യക്കുറവുണ്ട്.

ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തെക്കൻ ജില്ലയിൽ സ്ഥാനാർത്ഥിയാകാനും സാധ്യതയുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചർച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല. എല്ലാ മണ്ഡലങ്ങൾക്കും തുല്യപരിഗണനയാണ് നൽകുന്നതെന്ന് പാർട്ടി പറയുമ്പോഴും കൂടുതൽ സ്വാധീനമുള്ളതും അതീവ ശ്രദ്ധനൽകേണ്ടതുമായ മണ്ഡലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്നാമതാണ് തിരുവനന്തപുരം. പത്തനംതിട്ടയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. തൃശൂരും കാസർഗോഡും പാലക്കാടും അതിശക്തമായ പ്രചരണം നടത്തും. ആറ്റിങ്ങലിലും പ്രതീക്ഷയുണ്ട്. പാർട്ടിക്ക് പുറത്തുള്ള പ്രശസ്തരായവരെയും മത്സരരംഗത്തിറക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നടത്തിയ പോരാട്ടം മുൻനിർത്തിയാകും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നായിരുന്നു ഇന്ത്യാ ടിവി സർവ്വേയിലെ പ്രവചനം. ശബരിമല സ്ത്രീപ്രവേശവും തുടർ സമരങ്ങളും ബിജെപിക്ക് കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന പാർട്ടിയുടെ വിലയിരുത്തലുകൾക്കിടെയാണ് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി സർവ്വേ ഫലം പുറത്തുവന്നത്. വിജയ സാധ്യത ഉള്ളവരെ കണ്ടെത്താനായി പ്രത്യേക ഏജൻസി വഴി തയ്യാറാക്കിയ സാധ്യതാ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ മോദിയും അമിത് ഷായും നിശ്ചയിക്കുക. ബിജെപിക്ക് സ്വാധീനം വർധിപ്പിക്കാൻ സാധിച്ച തൃശൂരും പാലക്കാടും അതിനാൽ തന്നെ പ്രമുഖരാകും സ്ഥാനാർത്ഥികൾ. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെ തൃശ്ശൂരിൽ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും തൃശ്‌സൂരിൽ കെ സുരേന്ദ്രനാണ് മുൻഗണന കൽപ്പിക്കുന്നത്.

ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലിൽ കിടന്നതും സമരത്തിന് നേതൃത്വം നൽകിയതുമെല്ലാം സുരേന്ദ്രന്റെ ഇമേജ് വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇതിനിടെയാണ് സുരേന്ദ്രൻ തിരുവനന്തപുരത്തിനായി ശ്രമിക്കുന്നത്. മറ്റ് ജനറൽ സെക്രട്ടറിമാരായ എഎൻ രാധാകൃഷ്ണൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.അതേസമയം ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം മാത്രമേ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP