Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശരാശരി മലയാളി ഹിന്ദുവിന്റെ വികാരമായ അയ്യപ്പനെ ആയുധമാക്കുന്നതിൽ വൻ വിജയം; ഇതുവരെ പൊതുവേദിയിൽ എത്താത്ത അമൃതാനന്ദമയിയെ എത്തിച്ചത് സ്വപ്‌നതുല്യം; സെൻകുമാറിനെ പോലെ പ്രമുഖനായ സിവിൽ സർവന്റിനെ മൈക്ക് എൽപ്പിച്ചു ശ്രീധരൻ പിള്ളയടക്കമുള്ള നേതാക്കൾ സദസിൽ ഇരുന്നതും തന്ത്രത്തിന്റെ ഭാഗം; വർഷങ്ങളോളം കിണഞ്ഞു ശ്രമിച്ചും ഒരുമിപ്പിക്കാൻ കഴിയാതെ പോയ ഹിന്ദുവിനെ ഒന്നിപ്പിക്കാൻ കഴിഞ്ഞതിൽ സംഘപരിവാറിന് കടപ്പാട് സിപിഎമ്മിനോട് മാത്രം; അയ്യപ്പഭക്ത സംഗമം കേരള ബിജെപിയുടെ ജാതകം മാറ്റി എഴുതുമോ?

ശരാശരി മലയാളി ഹിന്ദുവിന്റെ വികാരമായ അയ്യപ്പനെ ആയുധമാക്കുന്നതിൽ വൻ വിജയം; ഇതുവരെ പൊതുവേദിയിൽ എത്താത്ത അമൃതാനന്ദമയിയെ എത്തിച്ചത് സ്വപ്‌നതുല്യം; സെൻകുമാറിനെ പോലെ പ്രമുഖനായ സിവിൽ സർവന്റിനെ മൈക്ക് എൽപ്പിച്ചു ശ്രീധരൻ പിള്ളയടക്കമുള്ള നേതാക്കൾ സദസിൽ ഇരുന്നതും തന്ത്രത്തിന്റെ ഭാഗം; വർഷങ്ങളോളം കിണഞ്ഞു ശ്രമിച്ചും ഒരുമിപ്പിക്കാൻ കഴിയാതെ പോയ ഹിന്ദുവിനെ ഒന്നിപ്പിക്കാൻ കഴിഞ്ഞതിൽ സംഘപരിവാറിന് കടപ്പാട് സിപിഎമ്മിനോട് മാത്രം; അയ്യപ്പഭക്ത സംഗമം കേരള ബിജെപിയുടെ ജാതകം മാറ്റി എഴുതുമോ?

പി.വിനയചന്ദ്രൻ

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ ബിജെപിയെ പല സംസ്ഥാനങ്ങളിലും അധികാരത്തിലേക്ക് എത്തിച്ചത് അയോധ്യ വിഷയമായിരുന്നു. ദേശീയ തലത്തിൽ ഹിന്ദുശക്തികളെ ഒരുമിപ്പിക്കാൻ ആയുധമാക്കിയ വിഷയം ഇതായിരുന്നു. ഈ ക്ഷേത്രരാഷ്ട്രീയം ഉത്തരേന്ത്യയിൽ വിജയമായപ്പോഴും കേരളത്തിൽ ഏശാതെ പോയി. കേരളത്തിൽ ഹിന്ദു സമൂഹം പൊതുവേ വിഘടിച്ചു നിൽക്കുന്നു എന്നതായിരുന്നു ഇവിടെ വിജയം കാണാതിരിക്കാൻ കാരണം. എന്നാൽ, വർഷങ്ങൾക്ക് ശേഷം കേരളത്തിലെ ഹിന്ദു സമൂഹത്തെ അയ്യപ്പനെന്ന വികാരത്തിൽ ഒരുമിപ്പിക്കാൻ സംഘപരിവാർ ശക്തികൾക്ക് സാധിച്ചിരിക്കുന്നു. ശബരിമല യുവതീപ്രവേശനത്തിൽ തുടങ്ങിയ പ്രക്ഷോഭം ഏറ്റെടുത്തു കൊണ്ട് ശരാശരി മലയാളിയുടെ വികാരം മുതലെടുത്ത ബിജെപിക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റാൻ ഇതിലൂടെ സാധിച്ചു. ഈ വിജയത്തിന്റെ ഉദ്‌ഘോഷണമായിരുന്നു ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് നടന്നത്.

കേരള സമൂഹത്തിൽ ഇടം പിടിച്ച ഹിന്ദു ആചാര്യപ്രമുഖരെ സംഘപരിവാർ കൊടിക്ക് കീഴിലായി അണിനിരത്താൻ സാധിച്ചു എന്നതാണ് വലിയ വിജയമായി വിലയിരുത്തുന്നത്. ആർ.എസ്.എസും ബിജെപിയും കേരളത്തിൽ സംഘടനാസംവിധാനം ഉപയോഗിച്ച് കാലങ്ങളായി ആഹോരാത്രം പണിയെടുത്തിട്ടും നടക്കാത്ത കാര്യം സിപിഎമ്മിന്റെ ചിവലിൽ നടത്തിയെടുത്തു എന്നാണ് പരിവാർ കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിൽ ഹിന്ദുക്കളെ അണിനിരത്തി ഹൈന്ദവ ശക്തി തെളിയിക്കുന്ന ലക്ഷ്യം അയ്യപ്പഭക്ത സംഗമത്തിലൂടെ നേടിയെടുത്തെന്നാണ് വിലയിരുത്തൽ. ഹൈന്ദവ ഏകീകരണത്തിന്റെ കാഹളം മുഴക്കിയ അയ്യപ്പഭക്ത സംഗമം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇടതുപക്ഷത്തിന് നേരെ ഉയർത്തുന്നത് കനത്ത വെല്ലുവിളിയാണെന്ന കാാര്യത്തിൽ സംശയമില്ല.

എൻഎസ്എസും എസ്എൻഡിപിയും ഒരു ചേരിയിൽ ആകുന്ന കാഴ്‌ച്ചയും കാണാൻ സാധിച്ചു. വെള്ളാപ്പള്ളിയുടെ നിലാപാട് സർക്കാറിന് അനുകൂലമാണെങ്കിലും അണികളിൽ ഭൂരിപക്ഷവും അങ്ങനെയല്ല. മാത്രമല്ല, ബിഡിജെഎസും എൻഡിഎ ചേരിയിലാണ്. ഈ സാഹചര്യങ്ങളെല്ലാം സർക്കാറിന് വെല്ലുവിളി ഉയർത്തുന്നതാണ്. എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പി.യുടെയും പ്രാദേശിക ഭാരവാഹികളും ഇതര ഹൈന്ദവസംഘടനാ പ്രതിനിധികളുമെത്തി. സന്ന്യാസിസഭകളിൽനിന്നുള്ളവർക്കും സാമുദായിക സംഘടനാ ഭാരവാഹികൾക്കും സംസ്‌കാരികപ്രവർത്തകർക്കും മാത്രമാണ് വേദിയിൽ ഇടംനൽകിയത്.

അമൃതാനന്ദമയിയെ കൊണ്ട് ആദ്യമായി പൊതുപരിപാടി ഉദ്ഘാടനം ചെയ്യിപ്പിച്ച സംഘപരിവാർ നേതാക്കൾ സദസിൽ കാണികളായി ഇരിക്കുന്ന തന്ത്രമായിരുന്നു പരിവാറിന്റേത്. ഇത് പൊതുസമൂഹത്തിന്റെ സ്വീകാര്യത നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി തന്നെ വിലയിരുത്തണം. മാസങ്ങൾക്കുള്ളിൽ പോളിങ് ബൂത്തിലെത്തുന്ന ഭൂരിപക്ഷക്കാർക്കിടയിൽ ഹൈന്ദവ വികാരം ആളികത്തിക്കാൻ സംഘപരിവാർ നീക്കുന്ന കരുക്കളെ ചെറുക്കാൻ ഇടതുപക്ഷം പണിപ്പെടും എന്നത് ഉറുപ്പാണെന്ന കാര്യം രാഷ്ട്രീയനിരീക്ഷകരും വ്യക്തമാക്കുന്നു.

ഞങ്ങളിൽ ശൈവരുണ്ട്, വൈഷ്ണവരുണ്ട്, ശാക്തേയരുമുണ്ട് അദ്വൈതികളും ദ്വൈതികളും വിശിടാദ്വൈതികളുമുണ്ട്, ക്ഷേത്രവിശ്വാസികളും അല്ലാത്തവരുമുണ്ട്. വ്യത്യസ്ത സമുദായങ്ങളുണ്ട്. എന്നാൽ ഈ വ്യത്യസ്തതകൾ ഒന്നിച്ചുനിൽക്കാൻ ഞങ്ങൾക്ക് തടസമല്ല. കാലങ്ങളായി ആർ.എസ്.എസും ബിജെപിയും ഈ വാചകം പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും അത് അർത്ഥപൂർണമായിരുന്നില്ല. എന്നാൽ ഇന്നലെയോടെ ചരിത്രം മാറിമറിഞ്ഞു. ഹൈന്ദവികാരമുണർത്തി കേരളത്തിൽ ഹിന്ദുക്കളെ ഒന്നായി ചേർക്കാമെന്ന് തലസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തിലൂടെ സംഘപരിവാർ തെളിയിച്ചുവെന്ന് തന്നെ പറയേണ്ടി വരും. ബിജെപിയുടെ സ്വീകാര്യത കേരളത്തിൽ വർദ്ധിക്കാൻ അയ്യപ്പവികാരം കൊണ്ടു സാധിച്ചു എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ജാതിയുടെ പേരിൽ മാറിനൽക്കുന്ന ഹിന്ദുക്കളെ ഒറ്റക്കെട്ടായി അണിനിരത്തി ഹൈന്ദവ വികാരം വളർത്താൻ വർഷങ്ങളായി പലപേരുകളിൽ ആർ.എസ്.എസും ബിജെപിയും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആരും അറിയാതെ പോകുകയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യപ്പഭക്ത സംഗമത്തിലൂടെയാണ് ആർഎസ്എസ് അടിസ്ഥാനപരമായ ലക്ഷ്യം പൂർത്തീകരിച്ചത്. കേരളത്തിൽ പ്രബരലമായ ഹിന്ദു സംഘടനകൾ ഉണ്ടെങ്കിലും ഒരുമിച്ചു നിൽക്കാത്തതാണ് പ്രശ്‌നമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പലതവണ പറഞ്ഞിട്ടുണ്ട്. ഈ ഒരുമിച്ചു നിൽക്കലിന്റെ വേദിയായി ശബരിമലയും അയ്യപ്പനും മാറുകയായിരുന്നു.

ആരൊക്കെ ഒന്നായാലും ഹിന്ദുക്കൾ കേരളത്തിൽ ഒന്നിക്കില്ലെന്നതായിരുന്നു ഇടത്, വലത് മുന്നണികളുടെ വിശ്വാസം. എന്നാൽ കാലങ്ങളായുള്ള ആ കീഴ് വഴക്കം പൊളിച്ചെഴുതിയാണ് സംഘപരിവാർ സംഗമം സംഘടിപ്പിച്ചത്. മാതാ അമൃതാനന്ദമയിയെ ആദ്യമായി പൊതുസമ്മേളന വേദിയിൽ ഉദ്ഘാടകയായി എത്തിച്ച സംഘപരിവാർ നേതാക്കൾ സദസിൽ കാഴ്ചക്കാരായി നോക്കിയിരുന്നു. അമ്മയെ പൊതുവേദിയിൽ എത്തിച്ചതിലൂടെ തന്നെ പരിവാർ ആദ്യവിജയം നേടിയിരുന്നു. ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശശികല ടീച്ചർ മാത്രം വേദിയിലെത്തിയപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള അടക്കമുള്ള നേതാക്കൾ സദസിലിരുന്നു. അതുതന്നെ പരിവാർ തന്ത്രങ്ങൾ വിളിച്ചോതുന്നതായിരുന്നു.

മുൻ ഡി.ജി.പി ടി.പി സെൻകുമാറിനായിരുന്നു പരിപാടിയുടെ നിർവഹണ ചുമതല. അത് സെൻകുമാർ ഭംഗിയായി നിർവഹിച്ചു. കാച്ചി കുറുക്കിയ പ്രസംഗവും നടത്തി. ആചാരവിരുദ്ധർക്കെതിരെ ഭക്തർ അവരുടെ കയ്യിലുള്ള വജ്രായുധം ഉപയോഗിക്കണമെന്നായിരുന്നു സെൻകുമാറിന്റെ ആഹ്വാനം. ഇതുവരെയുള്ള മൃദുലൈൻ വിട്ട് മുൻ ഡിജിപി തീവ്രപ്രസംഗം നടത്തിയതും ശ്രദ്ദേയമായി. പിണറായി വിരുദ്ധത തന്നെയായിരുന്നു ഈ തീവ്രതയുടെ അടിസ്ഥാനവും. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും 2020ലെ തദ്ദേശതിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വജ്രായുധം ഉപയോഗിക്കണമെന്ന് സെൻകുമാറിന്റെ വാക്കുകൾ ഇടത്-വലത് മുന്നണികളുടെ ഉറക്കം കെടുത്തും. സിപിഎം പല്ലും നഖവും ഉപയോഗിച്ച് എതിർത്ത സംഘപരിവാർ പൂർവാധികം ശക്തയോടെ കേരളത്തിൽ വേരുറപ്പിക്കുകയാണ്.

കൊല്ലം,പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമാണ് അമൃതാനന്ദമയിക്ക് ഉള്ളത്. മറ്റ് ചില മണ്ഡലങ്ങളിലും കുറവല്ല. ഈ മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നതും. അയ്യപ്പകർമ്മസമിതിയുടെ പേരിൽ സ്ഥാനാർത്ഥികളെ കളത്തിലിറക്കി. പുറകിൽ നിന്ന് പിന്തുണയ്ക്കുന്ന തന്ത്രമാകും ബിജെപി ഇനി സ്വീകരിക്കുക. ശ്രീ ശ്രീ രവിശങ്കർ ഉൾപ്പെടെ സർക്കാരിനെ പരസ്യമായി എതിർത്ത് രംഗത്തെത്തുമ്പോൾ അത് ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മുന്നിലുള്ള ഏക പോംവഴി ന്യൂനപക്ഷ പ്രീണനം മാത്രമാണ്. കോൺഗ്രസിന് അതിൽ മേൽകോയ്മ ഉള്ളതിനാൽ അതും അത്ര എളുപ്പമാകില്ല.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആളുകളെയാണ് ഇന്നലെ സംഗമത്തിലെത്തിച്ചത്. മറ്റ് ജില്ലകളിലുള്ളവരെ പങ്കെടുപ്പിച്ച് എറണാകുളം കേന്ദ്രമാക്കി സമാനമായ പരിപാടി സംഘടിപ്പിക്കാനും ആലോചനയുണ്ട്.
സ്വാമി ചിദാനന്ദപുരി, പ്രകാശാനന്ദ, ശബരിമല കർമ്മസമിതി ദേശീയ അദ്ധ്യക്ഷൻ ജസ്റ്റിസ് എൻ. കുമാർ, ചിന്മയ മിഷൻ കേരള അധ്യക്ഷൻ വിവിക്താനന്ദ സരസ്വതി, തമിഴ്‌നാട് കാമാക്ഷിപുരം ആധീനം ശാക്തശിവലിംഗേശ്വര സ്വാമി, ശ്രീരാമകൃഷ്ണ മഠത്തിലെ ഗോലോകാനന്ദ സ്വാമി, ശിവശിരി മഠത്തിലെ ബോധിതീർത്ഥ സ്വാമി, സംബോധ് ഫൗണ്ടേഷനിലെ സ്വാമി അധ്യാത്മാനന്ദ സരസ്വതി, എൻ.എസ്. എസ് പ്രതിനിധിസഭാംഗം സംഗീത്കുമാർ, ശാന്തിഗിരി ആശ്രമത്തിലെ ഗുരുരത്നം ജ്ഞാനതപസ്വി, പത്തനംതിട്ടയിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ,കെ.പി.എം.എസ്. രക്ഷാധികാരി ടി.വി.ബാബു, തന്ത്രി സമാജത്തിലെ സൂര്യൻ പരമേശ്വരൻ, ആദിവാസി മഹാസഭാ പ്രസിഡന്റ് മോഹൻ ത്രിവേണി, കേരള വിശ്വകർമ്മ സഭ സംസ്ഥാന വർക്കിങ് പ്രസിഡന്റ് സതീശ് പത്മനാഭൻ തുടങ്ങിയവരെ ഒരുവേദിയിലെത്തിക്കുകയും നഗരത്തെ ഇളക്കി മറിക്കും വിധം ജാതിക്ക് അതീതമായി ഹിന്ദുക്കളെ ശബരിമല കർമ്മസമിതിയുടെ കാവി പതാകയ്ക്ക് പിന്നിൽ അണിനിരത്താനും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സംഘപരിവാറിന് സാധിച്ചു.

ആചാരലംഘനം അരുതെന്ന് ഒരേശബ്ദത്തിൽ പറഞ്ഞ് ആചാര്യർ

സംഗമത്തിൽ പങ്കെടുത്ത എല്ലാവരുടെയും വികാരം ഒന്നായിരുന്നു. അത് ശബരിമലയിലെ ആചാരലംഘനം അരുതെന്നായിരുന്നു. ഇക്കാര്യത്തിൽ ആർക്കും വിരുദ്ധ അഭിപ്രായം ഉണ്ടായില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും വേണ്ടെത്ര അറിവില്ലാത്തതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ഈശ്വരനും സർവമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണ്. പാരമ്പര്യമായ വിശ്വാസങ്ങൾ ആചരിച്ചില്ലെങ്കിൽ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും. മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങൾ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങൾ നഷ്ടമാവും. ക്ഷേത്രങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തിൽ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കി.'

ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി രംഗത്തുവന്നത്. മന്ത്രിക്ക് താൻ രാജാവാണെന്നു തോന്നുന്ന അനർഥമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിന്റെ അധ്യക്ഷപ്രസംഗം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിലെ ലോകനാർക്കാവിൽ തന്ത്രിയെ കടത്തനാട് രാജാവ് പുറത്താക്കിയെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസംഗിച്ചതിനെ പരാമർശിച്ചായിരുന്നു ചിദാനന്ദപുരിയുടെ വിമർശനം. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയിട്ടില്ലെന്നും മേൽശാന്തിയെയാണ് പുറത്താക്കിയതെന്നും ചിദാനന്ദപുരി പറഞ്ഞു. ഹൈന്ദവജാഗരണത്തിന് അവസരമൊരുക്കിയതിൽ മുഖ്യമന്ത്രിയോട് കൃതജ്ഞതയുണ്ടെന്നും ചിദാന്ദപുരി കൂട്ടിച്ചേർത്തു. മന്ത്രിമാരായ എം എം മണിയെയും ജി സുധാകരനെയും പ്രസംഗത്തിൽ ചിദാനന്ദപുരി വിമർശിച്ചു.

നഗരത്തെ ഭക്തിയിൽ ആറാടിച്ച് നാമജപ ഘോഷയാത്ര

നഗരത്തെ ശരണമന്ത്രത്തിൽ ആറാടിച്ച നാമജപയാത്രയോടെയായിരുന്നു സംഗമത്തിനു തുടക്കം. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഭക്തരാണ് പങ്കെടുത്തത്. മ്യൂസിയം, പിഎംജി ജങ്ഷനുകളിൽ നിന്നാരംഭിച്ച യാത്ര നഗരത്തെ ഭക്തിയിലാറാടിച്ചു. അയ്യപ്പവിഗ്രഹമേന്തിയ അമ്മമാരും കേരളീയ വേഷമണിഞ്ഞ വനിതകളും ബഹുവർണ കൊടിക്കൂറകളുമായി പുരുഷന്മാരും ഭജനസംഘങ്ങളും അണിചേർന്ന നാമജപയാത്രകൾ എത്തും മുമ്പേ പുത്തരിക്കണ്ടം മൈതാനി നിറഞ്ഞിരുന്നു.

കെ.ജി. ജയന്റെ (ജയവിജയ) അയ്യപ്പകീർത്തനങ്ങളോടെയാണ് സമ്മേളനം തുടങ്ങിയത്. ംവിധായകൻ വിജി തമ്പി ധർമരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറിലധികം പേർക്കിരിക്കാവുന്ന വേദിയിൽ ആധ്യാത്മികാചാര്യന്മാരും ഹൈന്ദവസംഘടനാ നേതാക്കളും സാമൂഹിക, സാംസ്‌കാരിക, കലാരംഗത്തെ പ്രമുഖരും അണിനിരന്നു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. അധ്യാത്മികാചാര്യന്മാരും ഹൈന്ദവസംഘടനാ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും അടങ്ങുന്ന പ്രൗഢ വേദിയും സദസ്സും അയ്യപ്പധർമ മഹത്വത്തിന്റെ സൂചകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP