Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി-ഹിന്ദുത്വ വിരുദ്ധ നിലപാട് കൊണ്ട് കച്ചി തൊടില്ലെന്ന് അറിഞ്ഞ് വളർത്തിയെടുത്തത് വലത് ബദൽ രാഷ്ട്രീയം; പൗരത്വ നിയമം മുതൽ കാശ്മീർ വരെ വ്യത്യസ്ത നിലപാട്; ഊട്ടിയുറപ്പിക്കുന്നത് അടിയുറച്ച ദേശീയത; മോദി വിരുദ്ധതയിൽ ഒന്നിച്ച് മുന്നേറുന്ന പ്രതിപക്ഷത്തിന് കെജ്രിവാളിനെ ബദൽ നേതാവാക്കാൻ കഴിയുന്നത് അതുകൊണ്ട് തന്നെ; കെജ്രിവാളിനെ മോദി വിരുദ്ധ ക്യാമ്പിന്റെ ക്യാപ്ടനാക്കാനുള്ള നീക്കം തുടക്കത്തിൽ പൊളിയുന്നത് ഇങ്ങനെ

മോദി-ഹിന്ദുത്വ വിരുദ്ധ നിലപാട് കൊണ്ട് കച്ചി തൊടില്ലെന്ന് അറിഞ്ഞ് വളർത്തിയെടുത്തത് വലത് ബദൽ രാഷ്ട്രീയം; പൗരത്വ നിയമം മുതൽ കാശ്മീർ വരെ വ്യത്യസ്ത നിലപാട്; ഊട്ടിയുറപ്പിക്കുന്നത് അടിയുറച്ച ദേശീയത; മോദി വിരുദ്ധതയിൽ ഒന്നിച്ച് മുന്നേറുന്ന പ്രതിപക്ഷത്തിന് കെജ്രിവാളിനെ ബദൽ നേതാവാക്കാൻ കഴിയുന്നത് അതുകൊണ്ട് തന്നെ; കെജ്രിവാളിനെ മോദി വിരുദ്ധ ക്യാമ്പിന്റെ ക്യാപ്ടനാക്കാനുള്ള നീക്കം തുടക്കത്തിൽ പൊളിയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദിക്ക് ബദലായി കെജ്രിവാൾ മാറുമോ? ഡൽഹിയിൽ ആംആദ്മി പരീക്ഷിച്ച രാഷ്ട്രീയത്തിൽ അതിനുള്ള സാധ്യതകൾ ഏറെയുണ്ട്. മോദി-ഹിന്ദുത്വ വിരുദ്ധ നിലപാട് കൊണ്ട് കച്ചി തൊടില്ലെന്ന് അറിഞ്ഞ് വളർത്തിയെടുത്തത് വലത് ബദൽ രാഷ്ട്രീയംവും പൗരത്വ നിയമം മുതൽ കാശ്മീർ വരെ വ്യത്യസ്ത നിലപാട് എടുത്തതുമെല്ലാം ഇതിന് വേണ്ടിയാണ്. കെജ്രിവാൾ ഊട്ടിയുറപ്പിക്കുന്നതും അടിയുറച്ച ദേശീയത തന്നെ. മോദി വിരുദ്ധതയിൽ ഒന്നിച്ച് മുന്നേറുന്ന പ്രതിപക്ഷത്തിന് കെജ്രിവാളിനെ ബദൽ നേതാവാക്കാൻ കഴിയുന്നത് അതുകൊണ്ട് തന്നെയെന്ന വിലയിരുത്തൽ സജീവമാണ്. എന്നാൽ ആപ്പിനെ അംഗീകരിക്കാൻ ഇനിയും പ്രതിപക്ഷത്തെ ചിലർ തയ്യാറല്ല. മോദിയുടെ മറ്റൊരു മാതൃകയായി കെജ്രിവാളിനെ കരുതുന്നവരുണ്ട്. മോദി രാമ ഭക്തനെങ്കിൽ കെജ്രിവാൾ ഹനുമാൻ ഭക്തൻ... തുടങ്ങിയ പരമാർശവുമായി കെജ്രിവാളിനെ മോദി വിരുദ്ധ ക്യാമ്പിന്റെ ക്യാപ്ടനാക്കുന്നതിനെ എതിർക്കുന്നവരും ചർച്ചകളിൽ നിറയുകയാണ്.

മമതാ ബാനർജിയും ശരത് പവാറും മായാവതിയും എല്ലാം മനസ്സിൽ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നവരാണ്. അവർക്ക് കെജ്രിവാളിനെ അനുകൂലിക്കാനാകുന്നില്ല. ഏഴ് സീറ്റുകളുള്ള ഡൽഹിയിൽ മാത്രമുള്ള കൊച്ചു പാർട്ടിയായി കെജ്രിവാളിനെ കാണാനാണ് അവർക്ക് താൽപ്പര്യം. ഇതിനൊപ്പം കെജ്രിവാളിന്റെ മൃദു ഹിന്ദുത്വ സമീപിനവും കാശ്മീർ വിഷയത്തിൽ കേന്ദ്രത്തെ പിന്തുണച്ചതുമെല്ലാം ഇവർ ചർച്ചയാക്കും. ഡൽഹി സർക്കാരിന്റെ അധികാരം സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കത്തിൽ കേജ്രിവാളിനായിരുന്നു മേൽക്കൈ. എന്നാൽ മതാധിഷ്ഠിത രാഷ്ട്രീയത്തിൽ ബിജെപിയുമായി സഹകരിക്കുകയാണ് ആപ്പ് ചെയ്യുന്നതെന്നാണ് ആരോപണം. ബിജെപിയുടെ രാഷ്ട്രീയ അജണ്ട തന്നെയാണ് കെജ്രിവാളിന്റേതെന്ന് വരുത്താനാണ് നീക്കം. മോദിയെ വിമർശിക്കുന്നത് ഒഴിവാക്കുകയെന്നത് പാർട്ടിയുടെ ബോധപൂർവമായ തീരുമാനമായിരുന്നു എന്നാണ് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് ചാനലിലെ ചർച്ചയിൽ പറഞ്ഞത്. ഷഹീൻ ബാഗിലെ പ്രതിഷേധ സമരത്തോടും െജഎൻയുവിലെ പ്രശ്‌നങ്ങളോടും പാലിച്ച വ്യക്തമായ അകലവും ഹനുമാൻ ചാലീസ ചൊല്ലാൻ എതിർപക്ഷത്തിനെ വെല്ലുവിളിച്ചതുമൊക്കെ ബോധപൂർവമായ തീരുമാനങ്ങൾ തന്നെയായിരുന്നു. ഇതെല്ലാം കെജ്രിവാളിനെതിരെ ചർച്ചയാക്കുകയാണ് മറുപക്ഷം.

മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സർക്കാർ രൂപീകരണത്തിനായി കെജ്‌രിവാൾ ഗവർണറെ കണ്ടു. ഡൽഹിയിൽ സർക്കാർ രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് ഡൽഹി ഭരിക്കാൻ കെജ്‌രിവാൾ എത്തുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 62 സീറ്റ് നേടിയാണ് ആംആദ്മി ജയിച്ചത്. ബിജെപി എട്ടു സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് ഒന്നും നേടാനായില്ല. ഇതോടെയാണ് മോദിക്ക് ബദൽ കെജ്രിവാൾ എന്ന ചർച്ച സജീവമായി ഉയർന്നത്. എന്നാൽ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന് കൂട്ടു നിൽക്കാത്ത കെജ്രിവാളിനെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. മാസങ്ങൾക്ക് മുൻപ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡൽഹിയിൽ നേടിയത് 56 ശതമാനം വോട്ടാണ്. എഴു മണ്ഡലങ്ങളും വലിയ ഭൂരിപക്ഷത്തിൽ തൂത്തു വാരി. അന്ന് പതിനെട്ട് ശതമാനം മാത്രം വോട്ട് നേടിയ അരവിന്ദ് കെജ്രിവാൾ 35 ശതമാനം വോട്ടർമാരെക്കൂടി ഇത്തവണ ഒപ്പം കൊണ്ടു വന്നു.

ബിജെപിക്ക് എട്ടു മാസത്തിനിടെ പതിനെട്ട് ശതമാനം വോട്ട് നഷ്ടമായി. ബീഹാറിൽ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ എൻഡിഎ വിടാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും പാർട്ടിക്ക് മുന്നോട്ട് വയ്ക്കാൻ ശക്തരായ നേതാക്കളില്ല എന്നതും ബിജെപിയുടെ ആശങ്കയേറ്റുന്നു. ഇതെല്ലാം പരമാവധി മുതൽകൂട്ടാക്കാൻ പ്രതിപക്ഷത്തിന് കരുത്തുള്ള നേതാവിനെ വേണം. ഇതാണ് ആംആദ്മിയിലേക്കുള്ള ചർച്ചകൾക്ക് പുതുമാനം നൽകിയത്. കെജ്രിവാളാകും മോദി വിരുദ്ധ ക്യാമ്പിന് നേതാവായി കിട്ടാൻ നല്ലത് എന്ന വിലയിരുത്തലെത്തി. ഇതോടെയാണ് മോദിയും കെജ്രിവാളും ഒന്നു തന്നെയെന്ന ചർച്ചകൾ സജീവമാക്കുന്നത്. അടിസ്ഥാനപരമായി നേട്ടം കൊണ്ടുവന്നത് തിളങ്ങുന്ന ഭരണമികവ് തന്നെ. പക്ഷെ, അത് മുൻകണ്ട് അമിത്ഷായും കൂട്ടരും വിരിച്ചുവെച്ച വർഗീയ വലയിൽ തങ്ങളുടെ അണികൾ ചെന്നുവീഴാതിരിക്കാൻ കെജ്രിവാൾ കാണിച്ച രാഷ്ട്രീയ തന്ത്രജ്ഞതയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

രാജ്യത്തെയാകെയുള്ള സമരപ്പുകയുടെ തീപ്പൊരി വീണത് ഡൽഹിയിലെ കലാശാലകളിലായിരുന്നു. അതിനെതിരെ ഡൽഹി പൊലീസ് അതിക്രൂരമായി പ്രതികരിക്കുകയും ചെയ്തു. സമര മുന്നേറ്റങ്ങളുടെ വളർച്ച ശാഹിൻബാഗിലേക്കെത്തുകയും ചെയ്തു. എന്നിട്ടും കെജ്രിവാൾ തിരിഞ്ഞുനോക്കുകയുണ്ടായില്ല. ഡൽഹിയിലെ പ്രസിദ്ധമായ ജെ.എൻ.യു സർവകലാശാലയിൽ എ.ബി.വി.പി ഗുണ്ടകൾ കയറി നിരങ്ങിയപ്പോഴും മൗനിബാബയെന്ന മട്ടായിരുന്നു കെജ്രിവാളിന്. എതിരെയെന്തെങ്കിലും പ്രതികരിച്ചാൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നത് ബിജെപിയായിരിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നുവേണം വിലയിരുത്താൻ. ജാമിയ മിലിയയിലും ജെ.എൻ.യു വിലും മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നെങ്കിലും അവയൊന്നും കേട്ടില്ലെന്ന് നടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പൗരത്വ നിയമ സമരങ്ങളുടെ മുൻനിരയിലൊന്നും കെജ്രിവാളിനെയോ ആംആദ്മിയെയോ കണ്ടില്ലെങ്കിലും സമരം കൊണ്ടുള്ള നേട്ടം അവരുടെ പെട്ടിയിൽ വോട്ടുകളെത്തിച്ചു എന്നതിന് തെളിവുകളുണ്ട്.

ജാമിയ, ശാഹിൻബാഗ് മുതലായ സമരകേന്ദ്രങ്ങളുൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിൽ ആപ് സ്ഥാനാർത്ഥി ജയിച്ചുകയറിയത് 71,827 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു. മറ്റൊരു ശക്തമായ സമരകേന്ദ്രമായ മുസ്തഫാബാദ് സീറ്റ് ബിജെപിയിൽനിന്ന് അവർ പിടിച്ചെടുത്തത് 20,704 വോട്ടിന്റെ ഭൂരിപക്ഷത്തിനും. അതിനു സമാനമായ വിജയമാണ് സമരം കൊടുമ്പിരിക്കൊണ്ടിരുന്ന സീലംപൂർ, ചാന്ദ്നി ചൗക്ക്, മെഹ്റോളി എന്നിവിടങ്ങളിലും ആംആദ്മിക്ക് കൈവരിക്കാനായത്. മോദിയുടെ അയോധ്യാ കാർഡിനെ ഹനുമാനെ ഇറക്കി കെജ്രിവാൾ പൊളിച്ചു. കഴിഞ്ഞ തവണ 67 സീറ്റിൽ വിജയിച്ച ആം ആദ്മി പാർട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിർത്തിയത്.കേന്ദ്രഭരണത്തിന്റെ ആനുകൂല്യത്തിൽ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടും ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റിൽ നിന്ന് കേവലം അഞ്ചു സീറ്റാണ് അധികം ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ആംആദ്മി പാർട്ടിക്ക് ആകെ പോൾ ചെയ്തതിന്റെ 53.57 ശതമാനം വോട്ട് ലഭിച്ചത്. ബിജെപിക്ക് 38.5 ശതമാനം വോട്ടാണ് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വോട്ട് 4.26 ശതമാനമായി ഇടിഞ്ഞു. 0.71 ശതമാനം വോട്ട് നേടിയ ബിഎസ്‌പിയാണ് വോട്ട് നിലയിൽ നാലാം സ്ഥാനത്ത്.

2015ൽ 70ൽ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. അതിനിടെ, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമം ഉണ്ടായി. ക്ഷേത്രത്തിൽ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേർക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമത്തിൽ പാർട്ടി പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു തൊട്ടുമുമ്പുള്ള മാസങ്ങളിൽ കെജ്രിവാൾ സ്ത്രീകൾക്ക് മെട്രോയിൽ യാത്ര സൗജന്യമാക്കി. 200 യൂണിറ്റിൽ താഴെ വരുന്ന ഉപഭോഗത്തിന് വൈദ്യുതി ബിൽ വേണ്ടെന്നു വെച്ചു. അങ്ങനെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ പല ജനപ്രിയ നടപടികൾക്കും പുറമെ, തെരുവുകളിൽ എല്ലാം തന്നെ വെളിച്ചം കൊണ്ടുവരും, സിസിടിവി കാമറ വെക്കും, സ്‌കൂളുകൾ ഇനിയും സ്ഥാപിക്കും, എല്ലായിടത്തും വെള്ളമെത്തിക്കും അങ്ങനെ പല അടിസ്ഥാന സൗകര്യ വികസന വാഗ്ദാനങ്ങളും അദ്ദേഹം തന്റെ റാലികളിൽ ആവർത്തിച്ചു.

പ്രകോപനപരമായ പ്രസംഗങ്ങളെക്കാൾ ജനങ്ങളെ സ്വാധീനിക്കാനുള്ള ശക്തി അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താം എന്ന വാഗ്ദാനങ്ങൾക്കാണ് കെജ്രിവാൾ പ്രചരണത്തിൽ പ്രാധാന്യം കൊടുത്തത്. ഇതിനൊപ്പം ഹിന്ദുത്വത്തെ ഒപ്പം നിർത്താൻ ബോധപൂർവ്വം കളിച്ചുവെന്നാണ് ഉയരുന്ന വാദങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP