Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതം മുഴുവൻ കോൺഗ്രസിനായി പ്രവർത്തിച്ചിട്ടും ഒരു പദവിയുമില്ലാത ഉമ്മൻ ചാണ്ടിയുടെ മകൻ; കോൺഗ്രസ് എന്തെന്നറിയാത്ത കച്ചവടക്കാരനായ ആന്റണിയുടെ മകൻ നേതൃനിരയിലേക്ക്; സീറ്റ് മോഹിച്ച് രംഗത്തിറങ്ങിയിരിക്കുന്നത് ചിദംബരത്തിന്റെ കള്ളനായ മകന്റെ കൂട്ടുകാരൻ; കോൺഗ്രസ് നേതാവാകുന്നത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി; ആദർശധീരനായ ആന്റണി റിട്ടയർ ചെയ്യുമ്പോൾ മകന് അധികാരം കൈമാറുന്നത് ഇങ്ങനെ

ജീവിതം മുഴുവൻ കോൺഗ്രസിനായി പ്രവർത്തിച്ചിട്ടും ഒരു പദവിയുമില്ലാത ഉമ്മൻ ചാണ്ടിയുടെ മകൻ; കോൺഗ്രസ് എന്തെന്നറിയാത്ത കച്ചവടക്കാരനായ ആന്റണിയുടെ മകൻ നേതൃനിരയിലേക്ക്; സീറ്റ് മോഹിച്ച് രംഗത്തിറങ്ങിയിരിക്കുന്നത് ചിദംബരത്തിന്റെ കള്ളനായ മകന്റെ കൂട്ടുകാരൻ; കോൺഗ്രസ് നേതാവാകുന്നത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി; ആദർശധീരനായ ആന്റണി റിട്ടയർ ചെയ്യുമ്പോൾ മകന് അധികാരം കൈമാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽ രാപകൽ കഷ്ടപ്പെടുന്നവർ ഏറെയാണ്. ഇവർക്ക് കൂടിപോയാൽ ആകാനാകുന്നത് പഞ്ചായത്ത് മെമ്പർ. അതിന് അപ്പുറത്തേക്ക് കടക്കണമെങ്കിൽ പാരകൾ ഏറെയാണ്. അതിൽ പ്രധാനമാണ് നേതാക്കളുടെ മക്കളുടെ രാഷ്ട്രീയ പ്രവേശ മോഹം. വയനാട്ടിലെ എംപി എംഐ ഷാനവാസ് മരിച്ചപ്പോൾ സീറ്റിന് വേണ്ടി മകൾ രംഗത്ത് എത്തി. കെട്ടിയിറക്കൽ രാഷ്ട്രീയത്തിനെതിരെ യുത്ത് കോൺഗ്രസുകാർ പ്രതികരണവുമായെത്തി. ഇതോടെ ചുക്കാൻ പിടിച്ചവരെല്ലാം മൗനത്തിലായി. തിരുത്തൽവാദവുമായി ഇറങ്ങി കെ കരുണാകന്റെ മക്കൾ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത രമേശ് ചെന്നിത്തലയും ഇതിനെ അനുകൂലിച്ചുവെന്നത് പ്രവർത്തകരിൽ ഞെട്ടലുണ്ടാക്കി. ഇതിന്റെ ചർച്ചകൾ വഴിമാറും മുമ്പ് യഥാർത്ഥ രാഷ്ട്രീയാധികാര അവരോധിക്കലിന് അനിൽ എത്തുകയാണ്. ആദർശ ധീരനെന്ന് മലയാളി വാഴ്‌ത്തുന്ന എകെ ആന്റണിയുടെ മകൻ.

ചെറുപ്രായത്തിൽ കേരള മുഖ്യമന്ത്രിയായി എകെ ആന്റണി മാറിയത് വിമോചന സമരത്തിന്റെ കരുത്തിലാണ്. കരുണാകരനെ ചോദ്യം ചെയ്ത് വളർന്ന യുവ നേതാവ് ഇന്ദിരാ ഗാന്ധിക്ക് മുമ്പിൽ പോലും നെട്ടെല്ല് വളയ്ക്കാതെ യുവനേതൃ നിരയിൽ പ്രധാനിയായി. മുഖ്യമന്ത്രിയായി. കെപിസിസി അധ്യക്ഷനായി. പിന്നെ നരസിംഹറാവു മന്ത്രിസഭയിൽ കേന്ദ്ര മന്ത്രി. വീണ്ടും മുഖ്യമന്ത്രി. പിന്നെ മന്മോഹൻ മന്ത്രിസഭയിൽ പ്രതിരോധ ചുമതല. അഞ്ച് പൈസ ആരോടും അഴിമതിയായി ചോദിക്കാത്ത, ഒന്നിനും വേണ്ടി ആർക്കു മുന്നിലും യാചിക്കാത്ത നേതാക്കൾ. സ്വന്തം മക്കൾ സ്വയ പ്രയത്‌നത്തിൽ ഉയരണമെന്ന് പറഞ്ഞ നേതാവ്. പക്ഷേ ഇതെല്ലാം തെറ്റുകയാണ്. വളഞ്ഞ വഴിയേ മകൻ അനിലിനെ കോൺഗ്രസുകാരനാക്കുകയാണ് ആന്റണി. ഗാന്ധി കുടുംബവുമായി ആന്റണിക്ക് നല്ല അടുപ്പമുണ്ട്. ഇതുപയോഗിച്ച് മകനെ രാഹുൽ ഗാന്ധിയുടെ കൂടെ നിർത്തിച്ചു. പതിയെ രാഹുലിന്റെ വിശ്വസ്തനായി. അതിന് ശേഷം പാർട്ടിയുടെ നേതൃനിരയിലേക്കും.

ജി കാർത്തികേയന്റെ മകൻ ശബരിനാഥിനും ഈ രാഹുൽ ബന്ധമാണ് രാഷ്ട്രീയത്തിലെത്താൻ തുണയായത്. മകനെ കാർത്തികേയൻ തന്നെ രാഹുലിനെ പരിചയപ്പെടുത്തിയതും മറ്റും കോൺഗ്രസിൽ വലിയ ചർച്ചയായിരുന്നു. രാഹുലിന്റെ മനസ്സിൽ കയറികൂടിയാൽ വേഗത്തിൽ നേതാവാകാമെന്നതിന് പല തെളിവുകളുമുണ്ട്. ഇതിൽ അവസാനത്തേതാണ് ആന്റണിയുടെ മകൻ. രാപകൽ കോൺഗ്രസിന് വേണ്ടി കഷ്ടപ്പെട്ട ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ പലരും ചേർന്ന് വെട്ടി. ജെ എൻ യു പഠനത്തിനിടെ എസ് എഫ് ഐ കോട്ടയായ ജെ എൻ യുവിൽ വൻ പോരാട്ടമാണ് എൻ എസ് യുവിന് വേണ്ടി ചാണ്ടി ഉമ്മൻ നടത്തിയത്. ഡൽഹി ഘടകത്തിൽ നേതാവുമായി. അതിന് അപ്പുറത്തേക്ക് ഒന്നും ചാണ്ടി ഉമ്മന് ലഭിച്ചില്ല. ഇതിനിടെ പത്തനംതിട്ടിയിലും മറ്റും ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന് പ്രചരണമെത്തി. കോൺഗ്രസിലെ ഗ്രൂപ്പു മോഹികൾ പാരവച്ച് അതില്ലാതാക്കുകയും ചെയ്തു. ഇതോടെ സോളാർ കേസിൽ ആരോപണം ഉയർന്നു.

എന്നാൽ ആന്റണിയുടെ മകനെത്തുമ്പോൾ ആർക്കും ചോദ്യം ചെയ്യാൻ പോലും കഴിയുന്നില്ല. എല്ലാവർക്കും ഭയമാണ്. ആന്റണിയുടെ ആഗ്രഹത്തോടെ നടക്കുന്ന നീക്കത്തെ എതിർത്താൽ പണി കിട്ടുമെന്ന് ഏവർക്കും അറിയാം. .ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ സംസ്ഥാന കൺവീനറായി നിയമിക്കുമ്പോൾ അത് ഏവരും അംഗീകരിക്കുന്നു. കോൺഗ്രസ് പ്രചാരണങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അനിലിന് പാർട്ടി പദവി ലഭിക്കുന്നു്. ഡാറ്റാ അനലിറ്റിക് വിദഗ്ദ്ധനായ അനിലിനെ ഡിജിറ്റൽ മീഡിയാ സെൽ അദ്ധ്യക്ഷൻ ശശി തരൂരാണ് നിർദ്ദേശിച്ചത്. അനിൽ ആന്റണി മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലുമായി ചേർന്ന് തയ്യാറാക്കിയ കണക്കുകൾ ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിന് പ്രയോജനപ്പെട്ടിരുന്നു.

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അടക്കം ഉപയോഗിക്കുന്ന ഡാറ്റാ അനാലിസിസ് രീതി അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് പ്രയോജനപ്പെട്ടു. കേരളത്തിലെ പ്രളയ സമയത്ത് കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ശേഖരിക്കാൻ അനിൽ ആന്റണി നടത്തിയ പ്രവർത്തനവും ശ്രദ്ധേയമായിരുന്നു. ഫൈസലിനൊപ്പം സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചരണം ഏറെ പ്രതികരണമുണ്ടാക്കി. ഇതിനൊപ്പം മുൻ ധനമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തിയുമായും ഏറെ അടുപ്പമുണ്ട്. ഇവർക്ക ബിസിനസ് ബന്ധങ്ങളുമുണ്ട്. അഹമ്മദ പട്ടേലും ചിദംബരവും കോൺഗ്രസ് ഹൈക്കമാണ്ടിന് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരും ആന്റണിയുടെ മകന് വേണ്ടി ചരട് വലികൾ നടത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആന്റണിയെ പിണക്കാതിരിക്കാൻ കൂടെ കൂടി. ഇതോടെ അനിലിന്റെ കെട്ടിയിറക്കൽ ഗംഭീരമായി. ഈ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ പ്രചരണ വേദികളിൽ അനിൽ ഉണ്ടാകും. അതിന് ശേഷം രാജ്യസഭാ എംപിയായി ഡൽഹിയിലേ്ക്കും.

ആന്റണി രാജ്യസഭാ അംഗമാണ് നിലവിൽ. ഈ ടേം പൂർത്തിയായാൽ പിന്നെ ആന്റണി മത്സരിക്കില്ല. ഇതിന് പകരം മകനെ രാജ്യസഭയിലേക്ക് പിൻഗാമിയാക്കി മാറ്റും. ഇതിന് മുമ്പേ കേരളത്തിലെ അറിയപ്പെടുന്ന നേതാവായി അനിൽ മാറുമെന്നാണ് സൂചന. മകൻ അനിൽ ആന്റണിയെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ സംസ്ഥാന കൺവീനറായി നിയമിക്കുമ്പോൾ പാർട്ടിയിൽ അദ്ദേഹത്തിന്റെ ഏക യോഗ്യത ആന്റണിയുടെ മകൻ എന്നതാണ്. ഒരിടത്തൊരിടത്ത് ഒരു ആന്റപ്പനുണ്ടായിരുന്നു. ആദർശ ധീരൻ. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയിൽ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത വില്ലാളിവീരൻ. സഞ്ജയ് ഗാന്ധിയെ കേരളത്തിൽ കാലെടുത്തു കുത്താൻ അനുവദിക്കാതിരുന്ന ധർമ്മപുത്രൻ എന്നിങ്ങനെയൊക്കെയാണ് ആൻണിയെ കേരള രാഷ്ട്രീയം വിലയിരുത്തുന്നത്. ഇത്തരത്തിലൊരു വ്യക്തിയുടെ മകനാണ് പുറകുവശത്തിലൂടെ നേതൃനിരയിലെത്തുന്നത്.

ഏതാണ്ട് ഒരു ദശാബ്ദം മുൻപ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ പഠനകാലത്തു ആന്റണിയുടെ മകൻ അനിലും സുഹൃത്തുക്കളും കൂടി രൂപീകരിച്ച മൊബൈൽ ടെക്‌നോളജി സംരംഭം ഏറെ ചർച്ചയായിരുന്നു. രാജ്യവ്യാപകമായി 1000 , 500 നോട്ടുകൾ പിൻവലിക്കപ്പെടുമ്പോൾ ഏറ്റവും ഉപഭോക്താക്കളുടെ ഡിമാൻഡ് വർധിക്കുന്നത് നോ-കറൻസി വ്യവഹാരങ്ങൾക്കായി രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷനുകൾക്കായിരുന്നു. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും ശ്രദ്ധേയമായ പണം കൈമാറ്റാനുള്ള ആപ്ലിക്കേഷനുകളിൽ ഒന്നാണ് അനിലും സുഹൃത്തുക്കളും കൂടി ഏതാനും വർഷങ്ങൾക്കു മുൻപ് രൂപം കൊടുത്ത ചില്ലർ (Chillr ). ഇത്തരം ആപ്പുകളുമായി അമേരിക്കയിലും അനിൽ നേട്ടമുണ്ടാക്കി. ചിദംബരത്തിന്റെ മകൻ കാർത്തിയും ഒപ്പമുണ്ടായിരുന്നു. നിരവധി അഴിമതി കേസുകളിൽ കുടുങ്ങിയ കാർത്തിയുടെ വിശ്വസ്തരിൽ ഒരാളാണ് ആൻണിയുടെ മകൻ. ഈ സൗഹൃദവലയങ്ങളെല്ലാം ഉപയോഗിച്ചാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായും അനിൽ മാറുന്നത്.

ഡിജിറ്റൽ മീഡിയുടെ സാധ്യതകൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിൽ വിജയിച്ച ചെറുപ്പക്കാരനെന്ന നിലയിലാണ് അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശം. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിന്റെ നവമാധ്യമ വിഭാഗത്തിന്റെ ചുമതല അനൗദ്യോഗികമായി വഹിക്കുന്നതും അനിൽ ആന്റണിയാണ്. രാഹുൽ ഗാന്ധിയാണ് ഈ ചുമതല ഏൽപ്പിച്ചത്. ഗുജറാത്തിനു പിന്നാലെ കർണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയേയും ഫൈസൽ പട്ടേലിനെയും ഏൽപ്പിച്ചു. രാജസ്ഥാൻ തെരഞ്ഞെടുപ്പിലും അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല. അമേരിക്കൻ സർവകലാശാലയിലെ പഠനമാണ് അനിലിനെയും ഫൈസലിനെയും സുഹൃത്തുക്കളാക്കിയത്. കേരളത്തിലെ എൻജിനീയറിങ് പഠനത്തിനു ശേഷം സ്റ്റാൻഫഡിൽ നിന്ന് മാനേജ്മെന്റ് സയൻസ് ആൻഡ് എൻജിനീയറിംഗിൽ അനിൽ ബിരുദം നേടി.

ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം.ബി.എ ബിരുദധാരിയാണ്. ഇരുവർക്കുമൊപ്പം ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല നിർവഹിക്കാൻ സിലിക്കൺവാലിയിൽ നിന്നുള്ള വിദഗ്ധ സംഘവുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചാണക്യനെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോർ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറമുള്ള സാങ്കോതിക വിദ്യയെയാണ് അനിലും സംഘവും കൂട്ടുപിടിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ് അനിലിന്റെ പ്രചാരണ രീതിയെ പ്രശാന്ത് കിഷോറിന്റേതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പിൽ പൊതുവികാരം എതിരായിട്ടും ട്രംപ് വിജയിച്ചതിനു പിന്നിലും ഡിജിറ്റൽ മീഡിയയിലെ പ്രചാരണമായിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് അനിലും സംഘവും പരീക്ഷിക്കുന്നതും. ഇത്തരത്തിൽ ഇടപെടൽ നടത്താൻ അനിലിനെ സഹായിക്കുന്നത് ചിദംബരത്തിന്റെ മകന്റെ സുഹൃത്തെന്ന ലേബലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP