Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർവ്വകലാശാല നേരിട്ട് നിയമിക്കുന്നത് രാഷ്ട്രീയക്കാരുടെ ബന്ധുക്കളെ! എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനം ഈ ഘട്ടത്തിൽ ചർച്ചയാക്കുന്നത് സമുദായങ്ങളെ പിണക്കാനുള്ള പാർട്ടി ശത്രുക്കളുടെ തന്ത്രമോ? ബാലന്റെ പ്രസ്താവന അനവസരത്തിലെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രിയും സിപിഎമ്മും; എൻ എസ് എസും കെസിബിസിയും ഇടതിനോട് പിണങ്ങുമ്പോൾ

സർവ്വകലാശാല നേരിട്ട് നിയമിക്കുന്നത് രാഷ്ട്രീയക്കാരുടെ ബന്ധുക്കളെ! എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനം ഈ ഘട്ടത്തിൽ ചർച്ചയാക്കുന്നത് സമുദായങ്ങളെ പിണക്കാനുള്ള പാർട്ടി ശത്രുക്കളുടെ തന്ത്രമോ? ബാലന്റെ പ്രസ്താവന അനവസരത്തിലെന്ന വിലയിരുത്തലിൽ മുഖ്യമന്ത്രിയും സിപിഎമ്മും; എൻ എസ് എസും കെസിബിസിയും ഇടതിനോട് പിണങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പുകാലത്ത് വിവാദങ്ങൾ ചർച്ചയാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടുത്ത അതൃപ്തി. വിദ്യാഭ്യാസ രംഗത്ത് വൻ പൊളിച്ചെഴുത്തിന് സിപിഎം എന്ന സൂചന നൽകി എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നൽകിയ അഭിമുഖമാണ് പിണറായിയെ ചൊടിപ്പിക്കുന്നത്. തൃക്കാക്കരയിൽ 'സെഞ്ച്വറി' അടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണോ ഇതെന്ന സംശയം സിപിഎം നേതൃത്വത്തിനുണ്ട്.

തൃക്കാക്കര ഉറച്ച കോൺഗ്രസ് മണ്ഡലമാണ്. എന്നാൽ ഓരോ വോട്ടും അനുകൂലമാക്കി ജയിക്കാനാണ് സിപിഎം ശ്രമം. ട്വന്റി ട്വന്റിയെ പോലും പ്രകോപിപ്പിക്കാതെ മുമ്പോട്ട് പോകുന്നത് ഇതിന് വേണ്ടിയാണ്. ഇതിനിടെയാണ് തൃക്കാക്കരയിലെ പ്രധാന വോട്ടു ബാങ്കുകളായ സമുദായങ്ങളെ പ്രകോപിപ്പിക്കാനുള്ള ബാലന്റെ ശ്രമം. പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിൽ ഇടം ആഗ്രഹിച്ച നേതാവാണ് ബാലൻ. എന്നാൽ അതു നടന്നില്ല. വിജയരാഘവനെയാണ് പിബിയിലേക്ക് ബാലൻ നിർദ്ദേശിച്ചത്. തരൂരിന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാനും ബാലനെ പിണറായി അനുവദിച്ചില്ല. ഇതെല്ലാം ബാലന്റെ പ്രസ്താവനയ്ക്ക് പിന്നിലുണ്ടോ എന്ന സംശയം സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്.

അതിനിടെ എയ്ഡഡ് കോളേജിലേയും സ്‌കൂളിലേയും നിയമനങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ ഉയർത്താൻ സിപിഎം ശ്രമിച്ചാൽ സർവ്വകലാശാല നിയമനങ്ങളും സമുദായങ്ങൾ ചർച്ചാ വിഷയമാക്കും. സർക്കാർ കോളേജുകളിലേക്ക് മാത്രമാണ് പി എസ് സി നിയമനം. യൂണിവേഴ്‌സിറ്റി സെന്ററുകളിലെ അദ്ധ്യാപക നിയമനം സർവ്വകലാശാലകൾ നേരിട്ട് നടത്തുന്നതാണ്. ഇവിടെ ജോലിക്ക് കയറുന്നത് രാഷ്ട്രീയക്കാരുടെ ഭാര്യമാരും മക്കളുമെല്ലാമാണ്. ഇതിന് പിന്നിൽ അഴിമതി വ്യക്തമാണ്. ഈ നിയമനങ്ങളും പി എസ് സിക്ക് വിടണമെന്ന ചർച്ച ചില കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടു വരും. ഏതായാലും സിപഎം നേതാവ് ബലാൻ ഉയർത്തിയ എയ്ഡഡ് ചർച്ചയിൽ കരുതലോടെ മാത്രമേ കോൺഗ്രസും പ്രതിപക്ഷവും പ്രതികരിക്കൂ.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന ബാലന്റെ പ്രസ്താവന പ്രത്യക്ഷത്തിൽ പുരോഗമന പരമാണ്. ഇതിനെ എൻഎസ് എസും കെസിബിസിയും അനുകൂലിക്കുന്നില്ല. ഇവിടെയാണ് പ്രശ്‌നം. ഈ രണ്ട് സംഘടനയേയും പിണക്കുന്നത് തൃക്കാക്കരയിൽ സിപിഎമ്മിന് ഗുണം ചെയ്യില്ല. ലിസി ആശുപത്രിയിലെ ഡോക്ടറായ ജോ ജോസഫിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് പോലും കെസിപിഐസിയുടെ പിന്തുണ ലക്ഷ്യമിട്ടാണ്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ അവരെ പിണക്കുന്നത് ശരിയല്ല. അതിനാൽ വോട്ടെടുപ്പിനു മുമ്പുള്ള ബാലന്റെ പ്രസ്താവന തൃക്കാക്കരയെ സ്വാധീനിക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്.

എയ്ഡഡ് കോളേജിലെ നിയമനങ്ങൾ പിഎസ് സിക്ക് വിടുന്നത് പാർട്ടിയുടെ പരിഗണനയിലുള്ള വിഷമാണ്. എന്നാൽ ഇത് ഈ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്നതാണ് നിലപാട്. സാമൂഹ്യ നീതി ഉറപ്പാക്കാൻ നിയമനം സർക്കാർ ഏറ്റെടുത്തേ മതിയാകൂ.ലക്ഷങ്ങളും കോടികളും കോഴ നൽകാൻ കെൽപ്പുള്ളവർക്ക് മാത്രമാണ് നിലവിൽ നിയമനം. കോഴയായി മാനേജ്‌മെന്റുകൾ വാങ്ങുന്ന കോടികൾ എങ്ങോട്ട് പോകുന്നുവെന്നും ബാലൻ ചോദിച്ചു. ഇതിനെ പ്രതിരോധിച്ച് എൻഎസ് എസ് രംഗത്തു വന്നു കഴിഞ്ഞു.

പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിൽ പാവപ്പെട്ടവർക്കാർക്ക് നിയമനമില്ല.പിഎസ്‌സിക്ക് വിട്ടാൽ അനാവശ്യ നിയമനങ്ങൾ ഒഴിവാക്കാം, സാന്പത്തിക ബാധ്യതയും കുറയ്ക്കാം.രണ്ടാം പിണറായി സർക്കാർ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്ന് എ.കെ ബാലൻ പറഞ്ഞു.എംഇഎസും എസ്എൻഡിപിയും ഈ നിർദ്ദേശത്തോട് യോജിച്ചിട്ടുണ്ട്.മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷ.ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തിൽ സാധ്യമല്ലെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു. ഇതെല്ലാം ചില സമുദായങ്ങളെ പ്രകോപിപ്പിക്കുന്നതാണ്.

യ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് കുറച്ചു ദിവസം മുമ്പ് രംഗത്തെത്തിയത്. മറ്റ് മാനേജ്മെന്റുകളും തയാറാണെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സർക്കാരിനു വിട്ടുകൊടുക്കാമെന്നാണ് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം അറിയിച്ചത്. പി.എസ്.സി വഴി നിയമനം നടത്തുമ്പോൾ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

''സ്വകാര്യ വിദ്യാലയങ്ങളിൽ നിയമനം നടത്തുന്നത് മാനേജരും ശമ്പളം നൽകുന്നതു സർക്കാരുമാണ്. ഇത് എന്തൊരു ജനാധിപത്യമാണ്? സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പി.എസ്.സി.ക്കു വിടണം. കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനം മാത്രമുള്ള ഒരു സമുദായം 3,500 സ്‌കൂളുകളാണ് കൈവശംവച്ചിരിക്കുന്നത്. 33 ശതമാനമുണ്ടായിരുന്ന ഈഴവരിന്ന് 25 ശതമാനമായി കുറഞ്ഞു. മറ്റുള്ള സമുദായങ്ങൾ അതേസമയം 33-38 ശതമാനം വരെ അംഗസംഖ്യ ഉയർത്തുകയും ചെയ്തു. ഈഴവരുടെ സംഖ്യ ഇനിയും കുറഞ്ഞാൽ ഇങ്ങനെയൊരു വിഭാഗം ജീവിച്ചിരുന്നുവെന്നത് ചരിത്രത്തിൽ മാത്രമാകും''- അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP