Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ബംഗാളിൽ നിന്ന് സിപിഎം സർക്കാരാണ് എന്നെ പുറത്താക്കിയത്; എന്നെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട്ബാങ്ക് നഷ്ടമാവുമെന്ന് അവർ കരുതി; പക്ഷേ ബംഗാളിൽ സിപിഎമ്മിനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല; മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കണം; ഇന്ത്യൻ ബുദ്ധി ജീവികൾ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ മിണ്ടാത്തത് എന്തുകൊണ്ടാണ്; യഥാർഥ ജനാധിപത്യമെന്നത് ഏതെങ്കിലും മതപക്ഷത്തെ സഹായിക്കലല്ല; തസ്ലീമ നസ്രീൻ തുറന്നടിക്കുന്നു

'ബംഗാളിൽ നിന്ന് സിപിഎം സർക്കാരാണ് എന്നെ പുറത്താക്കിയത്; എന്നെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട്ബാങ്ക് നഷ്ടമാവുമെന്ന് അവർ കരുതി; പക്ഷേ ബംഗാളിൽ സിപിഎമ്മിനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല; മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കണം; ഇന്ത്യൻ ബുദ്ധി ജീവികൾ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ മിണ്ടാത്തത് എന്തുകൊണ്ടാണ്; യഥാർഥ ജനാധിപത്യമെന്നത് ഏതെങ്കിലും മതപക്ഷത്തെ സഹായിക്കലല്ല; തസ്ലീമ നസ്രീൻ തുറന്നടിക്കുന്നു

എം റിജു

കോഴിക്കോട്: 'ബംഗ്ലാദേശ് മതം പുളക്കുന്ന ഒരു രാഷ്ട്രമാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രവും. രണ്ടു തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഇവയെ താരമത്യം ചെയ്യുന്നതുപോലും ശരിയല്ല. ബംഗ്ലാദേശ് അടക്കമുള്ള അയൽ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള ഇന്ത്യയുടെ നീക്കം സ്വാഗതാർഹമാണ്. പക്ഷേ അവിടെ പീഡനങ്ങൾ ഏറ്റുവാങ്ങി പുറത്താക്കപ്പെടുന്ന ഭൂരിപക്ഷ മുസ്ലിം വിഭാഗത്തിലെ പുരോഗമന വാദികൾക്കുകൂടി പൗരത്വം നൽകണം. യുക്തിവാദികളും സ്വത്രന്ത ചിന്തകരും എഴുത്തുകാരും ബ്ലോഗർമാരുമാണ് അവിടെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത്.'- പറയുന്നത് തസ്ലീമ നസ്രീനാണ്. ഒരു നോവലിൽ ഇസ്ലാമിനെ വിമർശിച്ചു എന്നതിന്റെ പേരിൽ വധശിക്ഷക്ക് ഫത്വ ഇറക്കപ്പെട്ട് ലോകമെമ്പാടും വേട്ടയാടപ്പെട്ടിട്ടും നിലപാട് തിരുത്താത്ത ധീരവനിത. ഡി സി  ബുക്‌സിന്റെ
നേതൃത്വത്തിൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയ അവർ 'മറുനാടൻ മലയാളിയോട്' സംസാരിക്കുകയായിരുന്നു.

'സി എ എയിൽ നിഷ്പക്ഷ നിലപാടാണ് ഞാൻ എടുത്തിട്ടുള്ളത്. നിലവിലുള്ള പൗരന്മാർ പുറത്താകുമെന്നും മറ്റുമുള്ള വ്യാപകമായ വിമർശനങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഞാൻ നേരത്തെ സി എ എയെ വിമർശിച്ചത്. പക്ഷേ ഇപ്പോൾ അത് നിലവിലുള്ള ഇന്ത്യൻ 
പൗരന്മാരെ ബാധിക്കില്ല എന്ന് ഞാൻ അറിയുന്നു. മാത്രമല്ല, മൂന്ന് ഇസ്ലാമിക രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് ഇളവ് കിട്ടുന്ന നിയമം ആണിത്. അതുവേണം. പക്ഷേ അതുപോലുള്ള ഇളവ് എല്ലാ പീഡിതർക്കും കിട്ടണമെന്നാണ് എന്റെ പക്ഷം. ഇന്ത്യ എല്ലാ പീഡനം എൽക്കുന്നവർക്കുമുള്ള അഭയസ്ഥാനമായി മാറണം. പാക്കിസ്ഥാനിലും അഫ്ഗാനിലും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത്, അഹമ്മദിയ മുസ്ലീങ്ങളും ഷിയകളുമാണ്. അതുപോലെയാണ് ബ്ലോഗർമാർക്കും സ്വതന്ത്ര ചിന്തകർക്കും നേരെയുള്ള പീഡനം. നെഹുറുവിന്റെ ഇന്ത്യ അവർക്ക് ഒക്കെ അഭയം ആവണം'- തസ്ലീമ ചൂണ്ടിക്കാട്ടി.

ഇന്ത്യ അഭയം നൽകാത്തതിൽ തനിക്ക് പരാതിയൊന്നുമില്ലെന്നും അത് താൻ മറക്കാൻ ശ്രമിക്കുന്ന അധ്യായമാണെന്നും ഇപ്പോൾ സ്വീഡിഷ് പൗരയായ തസ്ലീമ ചൂണ്ടിക്കാട്ടി. ബംഗാളിൽ നിന്ന് സിപിഎം സർക്കാരാണ് എന്നെ പുറത്താക്കിയത്. അന്ന് യുപിഎ സർക്കാർ എന്നെ ഇന്ത്യയിൽ നിന്ന് പറഞ്ഞുവിടാൻ ആദ്യം ശ്രമിച്ചെങ്കിലും ഒടുവിൽ തുടരാൻ അനുവദിച്ചു. സിപിഎമ്മിന്റെ പ്രശ്നം വോട്ടായിരുന്നു. എന്നെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട്ബാങ്ക് നഷ്ടമാവുമെന്ന് അവർ കരുതി. പക്ഷേ ബംഗാളിൽ സിപിഎമ്മിനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല. മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇപ്പോഴെങ്കിലും ഇടതുപക്ഷം മനസ്സിലാക്കണം. യഥാർത്ഥ ജനാധിപത്യമെന്നത് ഏതെങ്കിലും മത പക്ഷത്തെ സഹായിക്കലല്ല. അവരെ സഹായിക്കുന്നതിലൂടെ മതരാഷ്ട്രമെന്ന ആശയത്തിനുമാത്രമേ ശക്തി പകരാനാകൂ. മതം സമത്വത്തിനും നീതിക്കും എതിരാണ്. ഇന്ത്യൻ ബുദ്ധി ജീവികൾ ഇസ്ലാമിക മത യാഥാസ്ഥിതികതയ്‌ക്കെതിരേ കൂടി പ്രതികരിക്കണം. എന്തുകൊണ്ടാണ് ഇന്ത്യയിലെ ബുദ്ധിജീവികൾ ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് മിണ്ടാത്തത്. ഈ ഇരട്ടത്താപ്പു തന്നെയാണ് വലതുപക്ഷ ശക്തികൾക്ക് ഗുണം ചെയ്യുന്നത്. - തസ്ലീമ തുറന്നടിച്ചു.

ഇന്ത്യയിൽ മൊത്തം അസഹിഷ്ണുതയാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല

ഇന്ത്യയിൽ മുഴുവൻ അസഹിഷ്ണുതയാണെന്ന് എനിക്കഭിപ്രായമില്ല.സംഘപരിവാറിന് അവരുടെ അജണ്ടകൾ ഉണ്ടാവും. പക്ഷേ ഇന്ത്യ ഒരു ഭരണഘടാപരമായി മതേതര രാജ്യമാണ്. ഇവിടെ ഭരണവർഗം എത്രമോശമായാലും രാജ്യത്തെ അവർക്ക് 
ഘടനാപരമായി മാറ്റാൻ കഴിയില്ല. എന്നാൽ ബംഗ്ലാദേശിൽ നേരെ തിരിച്ചാണ്. മതം പ്രകടമായതുകൊണ്ട് ഭരണാധികാരികൾ എത്ര നന്നായിട്ടും കാര്യമില്ല. അസഹിഷ്ണുതയുള്ളവർ എല്ലായിടത്തുമുണ്ട്. നാം അതിനെതിരെ പ്രതികരിക്കണം. അത് ഒരു പാർട്ടിയുടെ മാത്രം കുത്തകയല്ല. ലോകത്ത് ഐഎസ് പോലുള്ള നിരവധി ഇസ്ലാമിക ഭീകര സംഘടനകൾ ഉണ്ട്. ഹിന്ദു തീവ്രാവാദികളും അത്തരത്തിൽ കൊലപാതകങ്ങളിലേക്ക് തിരിയുന്നതിൽ ദുഃഖമുണ്ട്. അവരത് നിർത്തണം.- തസ്‌ലീമ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം ശക്തിപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം. വരും വർഷങ്ങളിൽ ഇത് കൂടുതൽ നന്നാകും. ജനാധിപത്യം കാര്യക്ഷമമാണെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ഇന്ത്യയിൽ മുസ്ലിംങ്ങൾ ന്യൂനപക്ഷമാണ്. അവരെ സംരക്ഷിക്കണം. ഇന്ത്യൻ ഭരണഘടന അവർക്ക് ഒരുപാട് അവകാശങ്ങൾ കൊടുക്കുന്നുണ്ട്. പക്ഷേ ബംഗ്ലാദേശും പാക്കിസ്ഥാനും അടക്കമുള്ള രാജ്യങ്ങളിൽ അമുസ്ലീങ്ങൾ രണ്ടാംതരം പൗരന്മാർ ആണ്. അതാണ് പ്രകടമായ വ്യത്യാസം. ഞാനും ന്യൂനപക്ഷങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നയാളാണ്. 'ലജ്ജ' എന്ന നോവൽ എഴുതിയതു പോലും അതിനാണ്. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ-ഫലസ്തീനോ, ബോസ്‌നിയയോ, ഗുജറാത്തോ, പാക്കിസ്ഥാനോ എവിടെയുമാകട്ടെ ഞാൻ അവർക്കുവേണ്ടി സംസാരിച്ചിട്ടുണ്ട്. കാരണം എന്നെ സംബന്ധിച്ച് അവരെല്ലാം മനുഷ്യരായിരുന്നു. ഇന്ത്യൻ മതേതരവാദികൾ മനസിലാക്കേണ്ടത്. മത തീവ്രവാദം എവിടെയാണെങ്കിലും എതിർക്കപ്പെടേണ്ടതാണെന്നതാണ്. കാരണം അവരെല്ലാം ചെയ്യുന്നതൊന്നാണ്, സമൂഹത്തെ പിന്നോട്ട് വലിക്കുകയെന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.

കേരളത്തിലെത്തിയപ്പോൾ ആദ്യം എനിക്ക് ഭയമായിരുന്നു. എന്നാൽ കോഴിക്കോട് എത്തിയപ്പോൾ എന്റെ ഭയം മാറി. ഇന്ത്യയിൽ എവിടെ ഞാൻ സംസാരിച്ചാലും, യാഥാസ്ഥിതികർ എന്നെ ആക്രമിച്ചാലും അവരെയല്ല എന്നെയാകും സർക്കാർ കുറ്റക്കാരിയാക്കുക എന്നറിയാം. മിക്കവാറും എന്നെ രാജ്യത്തു നിന്ന് പുറത്താക്കുകയും ചെയ്യും. ഇത് മുൻപും സംഭവിച്ചിട്ടുണ്ട്. ഹൈദരാബാദ് സംഭവത്തിനുശേഷം ഏതാണ്ട് ഏഴു മാസം ഞാൻ നിർബന്ധിത വീട്ടുതടങ്കലിലായിരുന്നു. പിന്നീട് എനിക്ക് ഇന്ത്യ വിടേണ്ടി വന്നു. വീണ്ടും അതിന് ഞാൻ ഇഷ്ടപ്പെടുന്നില്ല. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും പരിപാടികൾക്ക് ക്ഷണം കിട്ടാറുണ്ടെങ്കിലും പോകാൻ കഴിയാറില്ല.

ബംഗ്ലാദേശിൽ ഏകീകൃത സിവിൽകോഡ് വേണമെന്ന് പുരോഗമനവാദികളാണ് ആവശ്യപ്പെട്ടത്. എന്നാൽ അവിടെ ന്യൂനപക്ഷമായ ഹിന്ദുക്കൾ ഏകീകൃത സിവിൽ കോഡിനെ എതിർക്കുകയാണ്. ഏകീകൃത സിവിൽ കോഡ് പുറം രാജ്യങ്ങളിൽ സമത്വത്തിനു വേണ്ടി ഉപയോഗിക്കപ്പെടുമ്പോൾ ഇന്ത്യയിൽ അത് മതാടിസ്ഥാനത്തിൽ കൊണ്ടുവരാൻ നോക്കുന്നുണ്ടെന്ന് എനിക്ക് വിമർശനമുണ്ട്. ഇന്ത്യയിൽ സ്വതന്ത്രചിന്തകരുടെ എണ്ണം വർധിക്കേണ്ടത് ആവശ്യമാണ്. പഴയകാലത്ത് സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയതുപോലെ ഇക്കാലത്ത് എഴുതാൻ കഴിയില്ലെന്നും തസ്ലീമ പറഞ്ഞു. ഹിജാബും പർദയും ധരിക്കുന്നവരുടെ എണ്ണം  നേരത്തേ ഉള്ളതിനേക്കാൾ വളരെയധികം വർധിച്ചു. വീട്ടിലെ പുരുഷന്മാരുടെ നിർബന്ധപ്രകാരം മാത്രമാണ് സ്ത്രീകൾ ഹിജാബും പർദയും ധരിക്കുന്നതെന്നും തസ്ലിമ പറഞ്ഞു.

ഇസ്ലാം എക്കാലവും സ്ത്രീവിരുദ്ധം

അടിസ്ഥാനപരമായി മതം സ്ത്രീവിരുദ്ധമാണ്. ഇസ്ലാമിൽ പക്ഷേ സ്ത്രീവിരുദ്ധതയുടെ ഡോസ് കൂടും.സമത്വമായിരുന്നു മതനിയമങ്ങളുടെ കാതലെങ്കിൽ ഇന്നത്തെ അവസ്ഥയുണ്ടാകില്ലായിരുന്നു. ഏഴാം നൂറ്റാണ്ടിലെ നിയമങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരണമെന്ന് പറയുന്നത് എന്ത് ബാലിശമാണ്- തസ്ലീമ പറയുന്നു. എന്റെ ഓർമ്മകളിൽ മുഴുവൻ ബംഗ്ലാദേശ് തന്നെയാണ്. ആ നാടിനെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു. എന്റെ രാജ്യത്തിലേക്ക് ഞാൻ തിരികെപ്പോയാൽ അവിടെ കാലുകുത്തുമ്പോഴേക്കും ഞാൻ കൊല്ലപ്പെടും. എങ്കിലും എനിക്ക് പോകണമെന്ന് തോന്നിയിരുന്നു, എന്റെ അമ്മ മരിച്ചപ്പോൾ. പക്ഷെ ബംഗ്ലാദേശ് ഭരണാധികാരികൾ അത് അനുവദിച്ചില്ല. എന്റെ അച്ഛന് അസുഖം വന്നപ്പോൾ, ഒടുവിൽ അദ്ദേഹം മരിച്ചപ്പോൾ പോലും എനിക്ക് കാണാനായില്ല. ഇരുപതു വർഷത്തിലേറെയായി ഞാൻ എന്റെ കുടുംബത്തെ കണ്ടിട്ട്. എന്റെ തലയ്ക്ക് വിലയിട്ടവർ ഇപ്പോഴും ബംഗ്ലാദേശിൽ സുഖമായി ജീവിക്കുന്നു. അതാണ് എന്നെ ഏറെ വേദനിപ്പിക്കുന്നത്. ആദ്യം ഞാൻ അശക്തയായിരുന്നു, പിന്നീട് എഴുത്തിലൂടെ പൊരുതാൻ പഠിച്ചു. എവിടെയായിരുന്നാലും ആ പോരാട്ടം തുടരും.

കവിതകളിലൂടെയാണ് തസ്ലീമ എഴുത്ത് തുടങ്ങിയത്. ബംഗാളി ഭാഷയിൽ ബിരുദം എടുക്കാനായിരുന്നു ഇഷ്ടം. പക്ഷേ തീരുമാനം അച്ഛൻ നിരുത്സാഹപ്പെടുത്തി. ഡോക്ടറായ അച്ഛന്റെ പാത പിന്തുടർന്ന് മെഡിസിൻ പഠിച്ചു. ഒപ്പം കവിതകളും എഴുതി. കവിതകൾ ശ്രദ്ധിക്കപ്പെട്ടതോടെ യാഥാസ്ഥിതികരുടെ വാൾമുനകളും ഉയർന്നു. മതത്തെക്കുറിച്ചുള്ള എന്റെ ലേഖനങ്ങളാണ് അവരെ ചൊടിപ്പിച്ചത്. എനിക്കെതിരെയുണ്ടായ അക്രമങ്ങളെ പ്രതിരോധിക്കേണ്ടതിനുപകരം ദൈവനിന്ദയ്ക്ക് സർക്കാർ എന്നെ പ്രതി ചേർത്തു. അതോടെ എനിക്ക് സ്വന്തം രാജ്യത്ത് ഒളിച്ചിരിക്കേണ്ട സ്ഥിതി വന്നു. അന്നു തുടങ്ങിയ ഇസ്ലാമിക മതയാഥാസ്ഥികത ഇന്ന് സ്വതന്ത്ര ചിന്തകരായ ബംഗ്ലാദേശ് എഴുത്തുകാരെയും ബ്ലോഗർമാരെയും കൊന്നുതള്ളുന്നു. ബംഗ്ലാദേശിൽ സ്ത്രീകൾ സാഹിത്യം എഴുതുന്നത് പിന്തുണക്കപ്പെടുന്നില്ല. ആൺകോയ്മയാണ് സാഹിത്യത്തിൽ, യാതൊരുവിധ സമത്വവും അവകാശപ്പെടാനില്ല. സ്ത്രീ ശരീരങ്ങളെക്കുറിച്ച് ഞാൻ എഴുതി തുടങ്ങിയപ്പോൾ അത് അശ്ലീലമായിരുന്നു, സ്ത്രീ ശരീരങ്ങളെ പുരുഷന്മാർ വർണ്ണിച്ചപ്പോൾ അത് സാഹിത്യമായി- തസ്ലീമ വ്യക്തമാക്കി.

ബാബറി മസ്ജിദ് തകർത്തതിനെതുടർന്ന് ബംഗ്ലാദേശിൽ അരങ്ങേറിയ ഹിന്ദു വിരുദ്ധ അക്രമണങ്ങളെ പശ്ചാത്തലമാക്കി രചിച്ച നോവൽ, 'ലജ്ജ'യാണ് തസ്ലീമക്ക് എതിരായുള്ള ശബ്ദങ്ങൾക്ക് കാരണം. . രാജ്യം വിട്ടുപോയത് തന്റെ തീരുമാനപ്രകാരം ആയിരുന്നില്ല. ഭരണകൂടത്തിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് താൻ രാജ്യം വിട്ടത്. ബംഗാൾ ഭാഷയോടുള്ള സ്നേഹമാണ് കൊൽക്കത്തയിൽ താമസം തുടങ്ങാൻ പ്രചോദിപ്പിച്ചതെന്നും, ബംഗാളി ഭാഷയോടുള്ള തന്റെ സ്നേഹം തീവ്രമാണ്. താൻ എഴുതുന്നതും സ്വപ്നം കാണുന്നതും സംസാരിക്കുന്നതും ഇപ്പോഴും ബംഗാളിൽ തന്നെയാണ്.- തസ്ലീമ പറഞ്ഞു നിർത്തി.

'ലജ്ജ'യിൽ പറയുന്നത്

ലജ്ജ എന്ന തന്റെ നോവലിൽ ഇസ്ലാമിക വിരുദ്ധമായി എന്താണ് ഉണ്ടായിരുന്നതെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ലെന്ന് അവർ പറയുന്നു. നോവലിന്റെ എകദേശ ഉള്ളടക്കം ഇങ്ങനെയാണ്. :സുധാമായ് ദത്ത എംബിബിഎസ് ഡോക്ടറായിരുന്നു.പിറന്ന് വീണത് ഹിന്ദു കുടംബത്തിലായിരുന്നുവെങ്കിലും അദ്ദേഹം നാസ്തികനും അവിശ്വാസിയുമായിരുന്നു. വിഭജനകാലത്ത് പോലും കിഴക്കൻ പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് പോകാൻ തയ്യാറാകാതിരുന്ന കുടുംബത്തിലെ കണ്ണിയായിരുന്നു ദത്ത. 1971ലെ ബംഗ്ളാദേശ് യുദ്ധക്കാലത്ത് ഹിന്ദുവാണെന്ന് പറഞ്ഞ് പാക്കിസ്ഥാൻ പട്ടാളം സുധാമയിന്റെ ജനനേന്ദ്രിയം ഛേദിച്ച് കളഞ്ഞു.ജീവിതം മാറാപ്പിലാക്കി പതിനായിരങ്ങൾ ഇന്ത്യയിലേക്ക് പലായനം ചെയ്ത അക്കാലത്തും ജനിച്ച് വളർന്ന മണ്ണ് വിട്ടുപോരാൻ അദ്ദേഹം തയ്യാറായില്ല.

ബംഗ്ലാദേശിന്റെ മണ്ണും വെള്ളവും കാറ്റും കഥകളും ചെമ്പരത്തിപ്പൂക്കളും അദ്ദേഹത്തിന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു.ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് ബംഗ്ളാദേശിൽ ന്യൂനപക്ഷവേട്ട നടന്നപ്പോൾ സുധാമയ് തളർവാതം പിടിച്ച് കിടപ്പിലായിരുന്നു.ലഹളക്കാർ വീടാക്രമിച്ച് മകൾ മായയെ തട്ടിക്കൊണ്ടുപോയി.ബാക്കിയായ ജീവനുകളെങ്കിലും രക്ഷിക്കാനായി നാടുവിട്ട് പോകാൻ മകനും ഭാര്യയും നിർബന്ധിച്ചപ്പോഴും സുധാമയ് വിസ്സമിതിച്ചു.അദ്ദേഹത്തിന് ബംഗ്ലാദേശ് വിട്ട് വേറൊരു നാടില്ലായിരുന്നു ജീവിതമില്ലായിരുന്നു..!എന്നാൽ ഒരു ദിവസം രാവിലെ ഭാര്യയുടെ ചുമലിൽ താങ്ങിനടന്ന് സുധാമയ് ഉറങ്ങിക്കിടന്ന മകൻ സുരഞ്ജയനെ വിളിച്ചുണർത്തി.നമുക്ക് ഈ നാട്ടിൽനിന്ന പോകാം.എങ്ങോട്ട്..?ഇന്ത്യയിലേക്ക്. പരാജിതനായി സുധാമയ് പറഞ്ഞു.അപ്പോൾ ലജ്ജകൊണ്ട് അദ്ദേഹത്തിന്റെ ശിരസ്സ് കുനിഞ്ഞു താണിരുന്നു.'- ഇതായിരുന്നു തസ്ലീമാ നസ്റീന്റെ ലജ്ജ.

ഇന്ത്യയിൽ താമസമാക്കിയതിന് ശേഷം തസ്ലീമ 'ലജ്ജ' നോവലിന്റെ രണ്ടാം ഭാഗം എഴുതി പൂർത്തിയാക്കി. വീണ്ടും ലജ്ജിക്കുന്നു. അതായിരുന്നു ആ കൃതിയുടെ തലക്കെട്ട്.ഈ നോവൽ വായിക്കുന്ന ഓരോ ഭാരതീയനും ലജ്ജ കൊണ്ട് തലകുനിച്ച് പോകും.മാതൃരാജ്യം ഉപേക്ഷിച്ച് ഇന്ത്യയിൽ അഭയം തേടിയ സുധാമായ് ദത്ത ജീവിതത്തിന് മുന്നിൽ തോറ്റ് അവസാനം ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു.

മതാത്മകതയുടെ പിടിയലകപ്പെട്ട ഒരു സമൂഹത്തിൽ മനുഷ്യനായി ജീവിക്കാനുള്ള ശ്രമം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് ലജ്ജയും വീണ്ടും ലജ്ജിക്കുന്നുവും ഓർമ്മപ്പെടുത്തുന്നു. ഏതെങ്കിലുമൊരു മതഭ്രാന്തന്റെ കത്തിമുന ഏതുനിമിഷവും തന്റെ നേരെ നീളുമെന്നുറപ്പായിട്ടും ഇന്നും തികഞ്ഞ പോരാളിയായി തസ്ലീമ ജീവിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP