Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂനപക്ഷത്തോട് മൃദുസമീപനം, ഭൂരിപക്ഷ സമുദായത്തോട് കഠിനമായ സമീപനം എന്ന ഇരട്ടത്താപ്പാണ് പിണറായി സർക്കാർ സ്വീകരിച്ചത്; നവോത്ഥാനം ഒരു വിഭാഗത്തിന് മാത്രം മതി, ലിംഗനീതി ഒരു വിഭാഗത്തിന് മാത്രം മതി എന്ന ചിന്ത തന്നെ ഫലത്തിൽ ബിജെപിക്ക് ഗുണകരമാവുകയാണ്; തിരുവനന്തപുരത്തും, പത്തനംതിട്ടയിലും ശബരിമല പ്രതിഫലിക്കാനിടയുണ്ട്; ബിജെപി പേടിയിൽ ന്യൂനപക്ഷ വോട്ടുകൾ പോയത് യുഡിഎഫിന്; കേരളത്തിൽ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം പ്രകടം; മറുനാടനോട് മനസുതുറന്ന് പ്രൊ. ഹമീദ് ചേന്ദമംഗല്ലൂർ

ന്യൂനപക്ഷത്തോട് മൃദുസമീപനം, ഭൂരിപക്ഷ സമുദായത്തോട് കഠിനമായ  സമീപനം എന്ന ഇരട്ടത്താപ്പാണ് പിണറായി സർക്കാർ സ്വീകരിച്ചത്; നവോത്ഥാനം ഒരു വിഭാഗത്തിന് മാത്രം മതി, ലിംഗനീതി ഒരു വിഭാഗത്തിന് മാത്രം മതി എന്ന ചിന്ത തന്നെ ഫലത്തിൽ ബിജെപിക്ക് ഗുണകരമാവുകയാണ്; തിരുവനന്തപുരത്തും, പത്തനംതിട്ടയിലും ശബരിമല പ്രതിഫലിക്കാനിടയുണ്ട്; ബിജെപി പേടിയിൽ ന്യൂനപക്ഷ വോട്ടുകൾ പോയത് യുഡിഎഫിന്; കേരളത്തിൽ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം പ്രകടം; മറുനാടനോട് മനസുതുറന്ന് പ്രൊ. ഹമീദ് ചേന്ദമംഗല്ലൂർ

ആർ പീയൂഷ്

കോഴിക്കോട്: മതവർഗീയതയെയും തീവ്രവാദത്തെയും അതി ശക്തമായി എതിർക്കുന്ന സാമൂഹ്യ നിരീക്ഷകനും സ്വതന്ത്രചിന്തകനും എഴുത്തുകാരനുമാണ് പ്രൊ.ഹമീദ് ചേന്ദമംഗലൂർ. കേരളത്തിൽ തീവ്രവാദവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ചർച്ചകളിലെല്ലാം അദ്ദേഹം ശക്തമായി ഇടപെടുകയും അദ്ദേഹത്തിന്റെ വാദങ്ങൾ പലരെയും അസ്വസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം സമുദായങ്ങൾക്കിടിയിലുള്ള അനാചാരങ്ങളും സ്ത്രീകൾ അനുഭവിക്കുന്ന മതപരമായ ബുദ്ധിമുട്ടുകളുമൊക്കെ അദ്ദേഹം പുറംലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. മത തീവ്രവാദികളെ ശക്തമായ ഭാഷയിൽ വിമർശിക്കുന്ന ഇദ്ദേഹം കേരളത്തിലെ ന്യൂനപക്ഷ പാർട്ടികളുടെ ആവശ്യമില്ല എന്ന ചിന്താഗതിക്കാരനാണ്.

കാരണം ന്യൂനപക്ഷ പാർട്ടികൾ ഉള്ളതിനാലാണ് ആർഎസ്എസ് പോലുള്ള തീവ്ര സംഘടനകൾ ഉടലെടുക്കുന്നത് എന്നാണ് വാദം. അതു പോലെ തന്നെ മുസ്ലിം സ്ത്രീകൾ പർദ ധരിക്കുന്നതിനും മുഖം മറച്ചുള്ള വസ്ത്രധാരണ രീതി പിൻതുടരുന്നതിനും ഹമീദ് ചേന്ദമംഗലൂർ എതിരാണ്. ഒരു മികച്ച രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ അദ്ദേഹം, 1990ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ ആരൊക്കെ ജയിക്കും എന്ന് കൃത്യമായി പ്രവചിച്ചിരുന്നു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ പ്രതീക്ഷകളും ഐഎസ് ഭീഷണിയും മുസ്ലിം സ്ത്രീകളുടെ മുഖംമറച്ചുള്ള വസ്ത്ര ധാരണ രീതിയെ പറ്റിയും മറ്റും മറുനാടനോട് പങ്കുവയ്ക്കുന്നു.

  • കോളേജ് പ്രൊഫസറായ താങ്കൾ രാഷ്ട്രീയ നിരീക്ഷനായി കേരളം അറിയപ്പെട്ടു തുടങ്ങിയത് ഒരു പ്രവചന മത്സരത്തിൽ വിജയിയായ ശേഷമാണ്. ആ ഒരു അനുഭവം?

മനോരമയും മിസ്റ്റർ ബട്ട്‌ലറും ചേർന്ന് 97 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരു ജയിക്കും എന്നറിയുവാനായി നടത്തിയ പ്രവചന മത്സരത്തിൽ ഞാനും പങ്കെടുത്തിരുന്നു. 20 ലോക്‌സഭാ മണ്ഡലങ്ങളിലും കൃത്യമായി ആരു ജയിക്കും എന്ന് പ്രവചിച്ചു. ആറു ലക്ഷം പേർ പങ്കെടുത്ത മത്സരത്തിൽ എല്ലാവർക്കും തെറ്റിപോയത് കോഴിക്കോട് മണ്ഡലത്തിൽ ഏതു സ്ഥാനാർത്ഥി വിജയിക്കുമെന്ന പ്രവചനമായിരുന്നു. എ.പി വീരേന്ദ്രകുമാറിന് വിജയം ഉറപ്പ് എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ അന്നത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് അദ്ദേഹത്തിന് വിജയിക്കാനാവില്ല എന്ന് എനിക്ക് മനസ്സിലായിരുന്നു. കാരണം കോഴിക്കോടുകാരനായ എനിക്ക് ഇവിടുത്തെ സാഹചര്യം വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. വീരേന്ദ്രകുമാറിന്റെ വ്യക്തിപരമായ ചിലകാര്യങ്ങളൊക്കെ അതിന് കാരണമായി. അങ്ങനെ മഴുവൻ മണ്ഡലത്തിലെയും പ്രവചനം നടത്തിയ എനിക്ക് അന്ന് മാരുതി 800 എ.സി കാറാണ് സമ്മാനമായി ലഭിച്ചത്. അതോടെയാണ് രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ എല്ലാവരും എന്നെ അറിയപ്പെടാൻ തുടങ്ങിയത്.

  • ഈ ലോക്‌സഭാ ഇലക്ഷനിൽ കേരളത്തിലെ വിജയ സാധ്യത ആർക്കായിരിക്കും?

ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ യുഡിഎഫിനാണ് മേൽക്കൈ. തിരുവനന്തപുരം പത്തനംതിട്ട പോലെയുള്ള സ്ഥലങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട് അതുപോലുള്ള മണ്ഡലങ്ങളിലും കടുത്ത മത്സരം തന്നെയാണ്. മലബാർ മേഖലയിലൊക്കെ കള്ളവോട്ടുകൾ വ്യാപകമായി ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങലിൽ ബൂത്തുകളിൽ കോൺഗ്രസ്സ് ഏജന്റുമാർക്ക് ഇരിക്കാൻ കഴിയില്ല. അതു പോലെ തന്നെ കോൺഗ്രസ്സിന്റെയും ലീഗിന്റെയും കേന്ദ്രങ്ങളിൽ സിപിഎമ്മിന്റെ ഏജന്റുമാർക്കും ഇരിക്കാൻ കഴിയില്ല. അതിനാൽ തന്നെ ഇവിടെയൊക്കെ കള്ളവോട്ടുകളും വ്യാപകമായി നടക്കും. ഇത്തവണ ക്യാമറാ നിരീക്ഷണത്തിലായിരുന്നതിനാൽ വലിയ പ്രശ്‌നങ്ങൾ ഇല്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും യു.ഡി.എഫിന് തന്നെയാണ് കേരളത്തിൽ നേട്ടമുണ്ടാക്കാൻ കഴിയുന്നത്.

  • വലിയ രീതിയിൽ ഈ തെരഞ്ഞെടുപ്പിൽ സാമുദായിക ധ്രുവീകരണം നടന്നിട്ടുണ്ടോ?

കേരളത്തിൽ പൊതുവെ മുസ്ലീങ്ങൾ ബിജെപി വിരുദ്ധ നിലപാടാണ് എടുക്കാറുള്ളത്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരാതിരിക്കാൻ ഏറ്റവും നല്ല ഓപ്ഷൻ അവരെ സംബന്ധിച്ചിടത്തോളം യുഡിഎഫിന് വോട്ടുചെയ്യുകയാണ്. കാരണം ദേശീയതലത്തിൽ സിപിഎമ്മും ഇടതുപക്ഷവുമെല്ലാം അപ്രസക്തമാണ്. ബിജെപിയുടെ അജണ്ടയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് പേടിയുണ്ട് എന്നതും സത്യമാണ്. എന്നാൽ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾക്ക് അത്രത്തോളം ഭീതിയില്ല. ആ രീതിയിൽ നോക്കുമ്പോൾ മുസ്ലിം ന്യൂനപക്ഷവോട്ടുകൾ ഇത്തവണ ശക്തമായി പോൾ ചെയ്തത് യുഡിഎഫിന് അനുകൂലമായാണ്. കോൺഗ്രസ് ബിജെപിക്ക് ബദലായി ദേശീയ രാഷ്ട്രീയത്തിൽ വരണമെന്നാണ് മുസ്ലിം സംഘടനകൾ ആഗ്രഹിക്കുന്നത്.

  • ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിച്ചു?

ശബരിമല വിഷയം ചിലയിടത്തൊക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഇത് ബിജെപിക്ക് ഗുണമായിട്ടുണ്ട്. നേരത്തെ കോൺഗ്രസിനും സിപിഎമ്മിനുമൊക്കെ വോട്ട് ചെയ്തിരുന്ന കുറേപ്പേർക്ക് ഈ വിഷയത്തിന്റെപേരിൽ ബിജെപിയോട് അനുഭാവം വന്നിട്ടുണ്ട്. അത് തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, ചിലപ്പോൾ കോഴിക്കോട് പോലുള്ള സ്ഥലങ്ങളിലും ഒക്കെ, കൂടിയോ കുറഞ്ഞോ അളവിൽ പ്രതിഫലിക്കാൻ ഇടയുണ്ട്.തിരുവനന്തപരുത്ത് നേരത്തെ ബിജെപിക്ക് ഉണ്ടായിരുന്നതിനേക്കാൾ നേട്ടമുണ്ടാക്കാൻ ശബരിമല വിഷയം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. സുരേന്ദ്രൻ മത്സരിക്കുന്ന പത്തനംതിട്ടയിലെ സ്ത്രീകളിൽ ഒരു വിഭാഗം പോലും ബിജെപിക്ക് ഒപ്പമാണ്. സാധാരണ ഗതിയിൽ നാം പ്രതീക്ഷിക്കുക, സ്ത്രീകൾ എടുക്കുന്ന നിലപാട് സ്ത്രീകൾക്ക് ശബരലമലയിൽ പ്രവേശനം വേണം എന്നായിരിക്കും എന്നാണ്. പക്ഷേ കോൺഗ്രസിനോടും സിപിഎമ്മിനനോടും അനുഭാവം പുലർത്തുന്ന ഒരു വിഭാഗത്തിലെ സ്ത്രീകൾപോലും ഈ വിഷയത്തിൽ ഇടതുപക്ഷം സ്വീകരിച്ച, പിണറായി സർക്കാർ സ്വീകരിച്ച സമീപനത്തോട് വിരോധം ഉള്ളവരാണ്.അവരുടെ വോട്ട് ബിജെപിക്ക് കിട്ടാൻ സാധ്യതയുണ്ട്. മതേതര വോട്ടുകളിൽ അഞ്ചുശതമാനം പോയാലും അത് തെരഞ്ഞെടുപ്പിൽ വലിയ മാറ്റം വരുത്തും. അങ്ങനെ പോയിരിക്കാൻ സാധ്യതയുണ്ടെന്നാണ് എന്റെയും കണക്കുകൂട്ടൽ.

  • ശബരിമല വിഷയത്തിൽ സർക്കാർ നടപടി പാളിയോ?

ശബരിമലയിൽ സർക്കാർ എടുത്ത നടപടി ശരിയായിരുന്നില്ലെന്ന് ഞാൻ പറയുന്നില്ല. വീഴ്ച എന്താണെന്നുവച്ചാൽ ശബരിമല വിഷയത്തിൽ എടുക്കുന്ന അത്ര ധീരമായ സമീപനം, ഇതുപോലുള്ള കാര്യങ്ങൾ ന്യൂനപക്ഷ സമുദായങ്ങളിൽ വരുമ്പോൾ എടുക്കാറില്ല. ശബരിമല വിഷയത്തിൽ സർക്കാർ ധീരമായ നിലപാടാണ് എടുത്തത് എന്ന് മറക്കുന്നില്ല. ഭരണഘടന വ്യാഖാനിച്ച് പരമോന്നത കോടതി നൽകിയി ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന വിധി നടപ്പാക്കും എന്നു തന്നെയാണ് ഒരു സർക്കാർ പറയേണ്ടത്. പക്ഷേ ശബരിമല സമരം കഴിഞ്ഞ് നാലോ അഞ്ചോ ദിവസം കഴിഞ്ഞ് കോഴിക്കോട്ട് സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ ഒരു സമ്മേളനം നടന്നു. അതിൽ സമസ്തയുടെ അധ്യക്ഷൻ ജിഫ്രി തങ്ങൾ പരസ്യമായി പറഞ്ഞത് മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ പാർട്ടിയും മുന്നോട്ട് വരേണ്ടതില്ല എന്നതാണ്. മുന്നോട്ടു വന്നാൽ അത് നടപ്പാവാൻ പോകുന്നില്ല. ഞങ്ങൾ അത് നടപ്പാക്കില്ല എന്ന് വ്യക്തമായി പറഞ്ഞു. ഇതിൽ കോടതി വിധിപോലെ ഒന്നും വന്നിട്ടുപോലുമില്ലെന്ന് ഓർക്കണം.

ലിംഗസമത്വത്തിന്റെ പേരിൽ ധീരമായ സമീപനമാണ പിണറായി സർക്കാർ ശബരിമല വിഷയത്തിൽ സ്വീകരിച്ചത്. പക്ഷേ ഈ വിഷയത്തിലും അതുപോലെ മുഖ്യമന്ത്രി പ്രതികരിക്കേണ്ടേ. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനമുണ്ടെന്ന് കോടതി വിധി വന്നാൽ ഞങ്ങൾ അതും നടപ്പാക്കുമെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. അതു പറഞ്ഞില്ല. അതായത് ന്യൂനപക്ഷത്തോട് ഒരു തരം മൃദുസമീപനം. ഭൂരിപക്ഷ സമുദായത്തോട് വളരെ കഠിനമായ സമീപനം. ഇത് ഇരട്ടത്താപ്പാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷ സമുദായത്തിൽപെട്ട ലിബറലായി ചിന്തിക്കുന്ന ആളുകൾപോലും ചിലപ്പോൾ ബിജെപിക്ക് അനുകൂലമാവുന്നുണ്ട്. നവോത്ഥാനം ഒരു വിഭാഗത്തിന് മാത്രം മതി, ലിംഗനീതി ഒരു വിഭാഗത്തിന് മാത്രം മതി എന്ന ചിന്തതന്നെ ബിജെപിക്ക് ഗുണകരമാവുകയാണ്.

ശബരിമല വിഷയത്തിലും മുസ്ലിം സ്ത്രീകളുടെ സ്ത്രീപ്രവേശനത്തിന് ആയാലും നമ്മുടെ ഭരണഘടന ഉറപ്പുവരുത്തുന്ന ലിംഗ സമത്വം മുറുകെ പിടിക്കണം എന്നാണ് എന്റെ അഭിപ്രായം. അത് നമുക്ക് ഭരണഘടന നൽകിയ ഉറപ്പാണ്. അത് ഹിന്ദു ദേവയാലയങ്ങിൽ മാത്രമല്ല. എവിടെയൊക്കെ ലിംഗസമത്വമില്ലെങ്കിൽ അവിടെയാക്കെ അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മുസ്ലിം പള്ളികളെന്നോ, ബുദ്ധ വിഹാരങ്ങൾ എന്നോ, ജൈന ക്ഷേത്രങ്ങൾ എന്നോ ഉള്ള വിവേചനം പാടില്ല. അതാണ് ഭരണഘടന പറയുന്നത്. - ഹമീദ് വ്യക്താക്കി.

  • കേന്ദ്രത്തിൽ ഭരണം ബിജെപിക്ക് ലഭിക്കുമോ? പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഭരണത്തിലെത്തുമോ..?

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി വന്നാൽ, അതായത് എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ടായാൽ തീർച്ചയായും അവരാണല്ലോ ഭരിക്കാൻ പോകുന്നത്. അങ്ങനെയാണെങ്കിൽ ഒരിക്കൽകൂടി നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി ആകുക. മറ്റൊരു നേതാവിനെ തൽക്കാലം ബിജെപി ആ സ്ഥാനത്തേക്ക് നിയോഗിക്കും എന്ന് തോന്നുന്നില്ല. നരേന്ദ്ര മോദി എന്ന് പറയുന്ന പ്രധാനമന്ത്രിയുടെ പല വിഷയങ്ങളിലും പല നയങ്ങളിലും നമുക്ക് എതിർപ്പുണ്ടാകും പക്ഷേ അടുത്ത കാലത്ത് നമ്മുടെ പ്രധാനമന്ത്രി ആയിരുന്ന മന്മോഹൻസിങ് പോലുള്ളവരോട് താരതമ്യപെടുത്തുമ്പോൾ ഇദ്ദേഹം കൂടുതൽ ഊർജ്ജസ്വലനാണ്. ആ ഊർജ്ജസ്വലതഎങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നത് മറ്റോരു കാര്യം.

പക്ഷേ വിദേശ രാജ്യങ്ങളിലൊക്കെ മന്മോഹൻ സിങിനെക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുണ്ട്. 2009 തൊട്ട് യുപിഎ ഭരിക്കുന്ന കാലംമുതലേ മസൂദ് അസ്ഹറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാൽ അന്നൊന്നും നടന്നിരുന്നില്ല. എന്നാൽ നരേന്ദ്ര മോദി ആവശ്യപ്പെട്ടപ്പോൾ ആണ് വേഗം തന്നെ ആ തീരുമാനം നടപ്പിലാക്കിയത്. ചില കാര്യങ്ങളിലൊക്കെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ വിയോജിപ്പുണ്ടാകുമ്പോഴും കൂടുതൽ ആക്ടീവായിട്ട് ചെയ്യുന്ന ഒരു പ്രധാനമന്ത്രി എന്ന ഒരു ഇമോജുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അത് പലപ്പോഴും ന്യൂന പക്ഷത്തിന് എതിരായിട്ടുള്ള സമീപനങ്ങൾ ധാരാളം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. കേരളത്തിലുണ്ടാകുന്ന ഒരു ബിജെപി വിരുദ്ധ വികാരമൊന്നും വടക്കേ ഇന്ത്യയിൽ ഉണ്ടാവുകയില്ല.

വടക്കേ ഇന്ത്യയിൽ ഹിന്ദി ഹാർട്ട് ലാൻഡ് എന്ന് പറയുന്ന പ്രദേശത്തൊന്നും ഇവിടെ പ്രകടപ്പിക്കുന്ന ബിജെപി വിരുദ്ധ വികാരമൊന്നുമില്ല. കേരളത്തിൽ ഇടതുപക്ഷം ശക്തമാണ്. എപ്പോഴും ബിജെപിയെ ശക്തമായി വിമർശിച്ചുകൊണ്ടിരിക്കുകയാണ് അവർ. എന്നാൽ അതുപോലെയല്ലല്ലോ വടക്കേ ഇന്ത്യയിൽ. അവിടെയൊക്കെയുള്ള പാർട്ടികൾ അധികാരംകിട്ടുമെങ്കിൽ ബിജെപിയുമായി സഹകരിച്ചു കളയാം എന്ന് കരുതുന്നവരാണ്. മായാവതിയും അഖിലേഷ് യാദവുമൊക്കെ ബിജെപിക്കെതിരെ മത്സരിക്കുന്നുണ്ട് പക്ഷേ അവരെയൊന്നും വിശ്വസിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ബിജെപിക്ക് അവരുടെ കൂടി സഹായം വേണം. അവർക്കു കൂടി നല്ല വകുപ്പുകൾ നൽകാം. അല്ലെങ്കിൽ ഉപപ്രധാനമന്ത്രി പദം നൽകാം എന്നൊക്കെ പറഞ്ഞാൽ മായാവതിയെ പോലുള്ളവർ പോകില്ല എന്ന് പറയാൻ കഴിയില്ല. ഈ അധികാര ദുർമോഹം മൂലമാണ് ഒരു പ്രതിപക്ഷ ഐക്യംപോലും ഇല്ലാതെ പോകുന്നത്. ഇതെല്ലാം ബിജെപിക്ക് പൊതുവിൽ ഗുണം ചെയ്യുന്ന ഘടകങ്ങളാണ്

  • ദേശീയതലത്തിൽ കോൺഗ്രസ്സ് ഒരു തരംഗം ഉണ്ടാക്കുമോ..?

കോൺഗ്രസ്സിന് എവിടെയാണ് തരംഗമുണ്ടാക്കാൻ കഴിയുക? കോൺഗ്രസ്സിന് എത്ര സീറ്റ് കിട്ടാൻ സാധ്യതയുണ്ട്? കേരളത്തിൽ നേരത്തെയുള്ള യു.ഡി.എഫിനെ ഒഴിച്ച് കോൺഗ്രസ്സിന് എവിടെയെങ്കിലും ദൃഢമായ ഒരു സഖ്യം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ? കർണ്ണാടകത്തിൽ പോലും മാറിമാറി കളിക്കുകയല്ലേ അവർ. മറ്റു സംസ്ഥാനങ്ങളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. എവിടെയും നല്ല സഖ്യമുണ്ടാക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ്സ് സീറ്റ് 44 ആയിരുന്നു മുൻപ്. അത് ചിലപ്പോൾ ഇരട്ടിയാവാം. അതുകൊണ്ടൊന്നും ഭരണത്തിൽ വരാൻ കഴിയില്ലല്ലോ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ കോൺഗ്രസ്സിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല.

  • വരുന്ന നിയമസഭാ ഇലക്ഷനിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എത്രത്തോളം സ്വാധീനിക്കും?

നിയമസഭാ ഇലക്ഷൻ 2021 ലാണ് നടക്കേണ്ടത്. ഏത് ഇലക്ഷനെയും ബാധിക്കുന്നത് അതിന് തൊട്ടു മുൻപുള്ള വിഷയങ്ങളാണ്. കഴിഞ്ഞ 2016ലെ അസംബ്ലി ഇലക്ഷന് തൊട്ടു മുൻപുള്ള വിഷയങ്ങളായിരുന്നു അഴിമതി, ബാർകോഴ, തുടങ്ങിയവ. അഴിമതി മാത്രമല്ല കോൺഗ്രസ്സ് നേതാക്കൾ തമ്മിലുള്ള പരസ്പര മത്സരങ്ങളും മറ്റുമൊക്കെ ജനങ്ങൾക്കിടയിൽ ചർച്ചാ വിഷയമായിരുന്നു. അങ്ങനെ ഇലക്ഷന് നാലുമാസം മുൻപ് മുതൽ അങ്ങേ അറ്റം ഇമേജ് നഷ്ട്ടപ്പെട്ട അവസ്ഥയിലായിരുന്നു കോൺഗ്രസ്സ്. അത് ആ ഇലക്ഷനിൽ പ്രതിഫലിച്ചു. അതുകൊണ്ടാണ് ജയിക്കുകയാണെങ്കിൽ പോലും കഷ്ട്ടിച്ച് ജയിക്കും എന്നു വിചാരിച്ചിരുന്ന എൽഡിഎഫ് പോലും വിചാരിക്കാത്ത വിജയം കൈവരിച്ചത്. 2021 ലെ ഇലക്ഷൻ നടക്കുന്നത് മെയ് മാസത്തിലായിരിക്കും. അപ്പോൾ ഡിസംബർ, ജനുവരി മാസം തൊട്ടു നടക്കുന്ന പല വിഷയങ്ങളും ഇലക്ഷനെ സ്വാധീനിക്കുക തന്നെ ചെയ്യും.

അങ്ങനെയുള്ളപ്പോൾ പാർലമെന്റ് ഇലക്ഷന്റെ റിസൽട്ട് വച്ച് അതേ അവസ്ഥ തന്നെ നിയമസഭാ ഇലക്ഷനിലും ഉണ്ടാകും എന്ന് നമുക്ക് പറയാൻ കഴിയില്ല. ബിജെപിയുടെ ഈ തരംഗമൊക്കെ മാറി മറിയും. ശബരിമല വിഷയമൊക്കെ ജനം അപ്പോഴേക്കും മറക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇത്തവണ വലിയ രീതിയിൽ ജനങ്ങളോട് ഒന്നു പറയാൻ പറ്റാത്ത അവസ്ഥയിലാണവർ. ഇടതു പക്ഷത്തിന്റെ മുദ്രാവാക്യം ഇടതുപക്ഷം വരും എല്ലാം ശരിയാക്കും എന്നായിരുന്നല്ലോ. എന്നാൽ ഇപ്പോൾ ജനങ്ങൾ മനസ്സിലാക്കി ഇത് വെറും ഒരു മുദ്രാവാക്യം മാത്രമാണ് എന്ന്. മുദ്രാവാക്യത്തിന് അപ്പുറത്ത് യാഥാർത്ഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ലല്ലോ. ഒന്നും ശരിയാവുന്നില്ല എന്നു മാത്രമല്ല, എല്ലാവരും അഴിമതിക്കാരാണുതാനും. പണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളൊക്കെ അഴിമതിയുടെ കറപുരളാത്തവരായിരുന്നു. എന്നാൽ ഇന്ന് ആരുണ്ട് അഴിമതിയുടെ കറുത്തപാടുകൾ ഇല്ലാത്ത നേതാക്കന്മാർ. ക്ലീൻ ഇമേജുള്ള ആരുമില്ല. കോടിയേരിയായാലും പിണറായിയായാലും എല്ലാവരിലും അഴിമതിയുടെ കാരാളഹസ്തങ്ങൾ ഉണ്ട്. അൽപ്പമെങ്കിലും ക്ലീൻ ചിറ്റുണ്ടായിരുന്നത് വി.എസിനായിരുന്നു.

എന്നാൽ അദ്ദേഹം ഇപ്പോൾ നേതൃ നിരയിൽ നിന്നും താഴേക്ക് പോവുകയും ചെയ്തു. ഇനി വി.എസിന് അടുത്ത ഇലക്ഷനിൽ യാതൊരു പങ്കാളിത്തവുമുണ്ടാവുകയില്ല. പണ്ടൊക്കെ എ.കെജി പൊതു പ്രശ്‌നങ്ങളുടെ പേരിൽ അൽപ്പം അഹങ്കാരത്തോടുകൂടി പലപ്പോഴും പെരുമാറിയിട്ടുണ്ടാവാം. അതായത് സമൂഹത്തിലെ ദരിദ്രന്മാർക്ക് വേണ്ടി അന്നത്തെ ഉദ്യോഗസ്ഥന്മാരെ വെല്ലുവിളിച്ചിട്ടുണ്ടാവാം. എന്നാൽ ഇന്നത്തെ കാലത്ത് പല നേതാക്കന്മാരും മാധ്യമ പ്രവർത്തകരോടാണ് വെല്ലുവിളി. അഹങ്കാരത്തോടുകൂടി മാറി നിൽക്ക് എന്ന് പറയുന്ന രീതിയിലേക്ക് അധഃപതിച്ചു.ഒരു മുഖ്യമന്ത്രിയുടേയോ രാഷ്ട്രീയ പ്രവർത്തകന്റെയോ വായിൽ നിന്നും വരേണ്ട വാക്കുകളല്ല അത്. കാരണം മാധ്യമ പ്രവർത്തകർ എന്ന് പറഞ്ഞാൽ ജനാധിപത്യത്തിന്റെ അവിഭക്തമായ ഭാഗമാണ്. മാധ്യമ പ്രവർത്തകരില്ലെങ്കിൽ പിന്നെ ജനാധിപത്യമില്ലല്ലോ. ഈ വിവരങ്ങൾ ജനങ്ങൾക്ക് നൽകാൻ ബാധ്യതപെട്ടവാരാണ് മാധ്യമ പ്രവർത്തകർ. അവർ എന്തെങ്കിലും ചോദ്യം ചോദിക്കാൻ വരുമ്പോഴേക്കും വളരെ സൗഹൃദത്തിൽ പറയാം സമയമില്ല നമുക്ക് പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞ് മാറിപോരാം. ആ ഒരു ശരീര ഭാഷയും സ്വരവുമൊക്കെ ഓർമ്മിപ്പിക്കുന്നത് ഒരു ഏകാധിപതിയെയാണ്.

പഴയകാലത്തെ രാജാക്കന്മാരെപോലെ പെരുമാറുന്നവരായിപോയിരിക്കുന്നു ഇടതുപക്ഷത്തെ നേതാക്കന്മാർ പോലും. ജന പ്രതിനിധികൾ എന്ന് പറഞ്ഞാൽ ജനങ്ങളെ സേവിക്കേണ്ടവരാണ്. അവർ മാറി നിൽക്കേണ്ട ഒരു വിഭാഗമല്ല. അതാണല്ലോ നമ്മുടെ നാട്ടിലെ കുറേക്കാലമായുള്ള അവസ്ഥ. ഒരാൾ ഒരു എംഎ‍ൽഎ ആയാൽ ഒരു എംപി ആയാൽ അല്ലെങ്കിൽ ഒരു മന്ത്രിയായാൽ എന്തിന് പഞ്ചായത്ത് മെമ്പർ ആയാൽ പോലും ഞങ്ങളൊക്കെ ജനങ്ങളുടെ മുകളിൽ നിൽക്കുന്ന, ഇവരെയൊക്കെ ഭരിക്കേണ്ട, ജനങ്ങളെയൊക്കെ ദാസന്മാരായി കാണണം എന്ന് കരുതുന്ന ആളുകളാണ് ഒട്ടുമിക്ക നേതാക്കന്മാരും. എന്നാൽ തിരിച്ചാണ് ജനാധിപത്യത്തിൽ വേണ്ടത്. ജനങ്ങളായിരിക്കണം നേതാക്കന്മാർ. എന്നാൽ അങ്ങനെയാന്നില്ല ഇവിടെ. അവരുടെ ചികിത്സയ്ക്ക് അമേരിക്കയിൽ പോകാം.

അമേരിക്കൻ സാമ്രാജ്യത്വത്തെ നിശിതമായി വിമർശിക്കുമ്പോഴും എന്തെങ്കിലും രോഗം വന്നാൽ കമ്മ്യൂണിസ്റ്റ്കാർ ആദ്യം പോകുന്നത് ചൈനയിലേക്കല്ല അമേരിക്കയിലേക്കാണ്. പണ്ടൊക്കെ പക്ഷേ ഇങ്ങനെയല്ലായിരുന്നു. റഷ്യയിലേക്ക് പോകുമായിരുന്നു. അല്ലെങ്കിൽ കിഴക്കൻ ജർമനിയിലേക്ക് പോകുമായിരുന്നു. അതു കൊണ്ട് ഇടതു പക്ഷവും വലതു പക്ഷവും തമ്മിൽ യാതൊരു വ്യത്യാസവും ഞാൻ കാണുന്നില്ല. ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഇതൊക്കെ നോക്കി തന്നെയാണ് ജനങ്ങൾ നിയമസഭാ ഇലക്ഷന് വോട്ട ചെയ്യുക.- ഹമീദ് വ്യക്തമാക്കി.

(തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP