Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാനുമൊരു പള്ളിയാണ്.. ഈ പള്ളിക്കെത്ര വിലയാകും.. ഞാൻ തരാം'; വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു

'ഞാനുമൊരു പള്ളിയാണ്.. ഈ പള്ളിക്കെത്ര വിലയാകും.. ഞാൻ തരാം'; വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എൻഡിപി യോഗം എന്ന മഹത്തായ പ്രസ്ഥാനത്തെ കുടുംബ സ്വത്താക്കിയാണ് വെള്ളാപ്പള്ളി നടേശൻ ഭരിക്കുന്നതെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. കഴിവുള്ള നേതാക്കൾ ഒരുപാട് ഉണ്ടായിട്ടും വെള്ളാപ്പള്ളിയുടെ അപ്രമാദിത്തമാണ് എസ്എൻഡിപി യോഗത്തിൽ. എസ്എൻഡിപി യോഗത്തിൽ വെള്ളാപ്പള്ളി നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതരെ വിജിലൻസ് അന്വേഷണം അടക്കം നടക്കുന്നുണ്ട്. ദുരൂഹമായ ആത്മഹത്യകളിൽ പോലും വെള്ളാപ്പള്ളി ആരോപണ വിധേയനാണ്.

ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന പല നേതാക്കളും അദ്ദേഹത്തിന്റെ അഴിമതിയെ ചോദ്യം ചെയ്തു മറുകണ്ടം ചാടിയിട്ടുണ്ട്. ഇവർ ഇപ്പോഴും വെള്ളാപ്പള്ളിക്കെതിരായ പോരാട്ടം തുടരുകയാണ്. വെള്ളാപ്പള്ളിയുടെ അഴിമതികൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇക്കൂട്ടത്തിൽ മുന്നിലാണ് അഡ്വ. കെ. എം. സന്തോഷ് കുമാർ. എസ്എൻഡിപി യോഗം വിമോചന സമര സമിതി എന്ന കൂട്ടായ്മ രൂപീകരിച്ച് വെള്ളാപ്പള്ളിക്കെതിരെ പോരാട്ടം തുടരുകയാണ് സന്തോഷ് കുമാറും സംഘവും. വെള്ളാപ്പള്ളിയുടെ കീഴിൽ എസ്എൻഡിപി തകർച്ചയുടെ പടുകുഴിയിലേക്ക് വീണെന്നും സ്വന്തം നേട്ടങ്ങൾക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്തുവെന്നും സന്തോഷ് കുമാർ തുറന്നടിക്കുന്നു. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം തന്റെ നിലപാടുകൾ എണ്ണിപ്പറയുകയാണ്. കഴിഞ്ഞ കാലങ്ങളിൽ വെള്ളാപ്പള്ളിക്ക് വേണ്ടി വാദിച്ച വ്യക്തി കൂടിയാണ് സന്തോഷ്.

വെള്ളാപ്പള്ളി നടേശൻ എങ്ങനെയാണ് എസ്എൻഡിപി യോഗം അടക്കി ഭരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് മറുനാടന് നൽകി അഭിമുഖത്തിൽ. യൂണിയൻ പ്രസിഡന്റുമാരെ പർച്ചേസ് ചെയ്തു കൊണ്ടാണ് അതിന് വെള്ളാപ്പള്ളി ശ്രമിക്കാറെന്നും സന്തോഷ് കുമാർ മറുനാടൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്..

'പോഴന്മാരാണ് സമുദായപ്രവർത്തനം നടത്തുന്നത്. അല്ലാത്തവർ ആ സമയം പത്ത് കാശുണ്ടാക്കാൻ ശ്രമിക്കും' എന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയുടെ തലപ്പത്ത് എത്തിയത് എങ്ങനെയാണ്?

ലോകത്ത് വരാൻ പോകുന്ന എന്തോ വലിയ ദുരന്തത്തിന്റെ സൂചന ഗുരുദേവൻ നൽകിയതാണ് വെള്ളാപ്പള്ളിയുടെ സ്ഥാനലബ്ദി. എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവിലാണ് അദ്ദേഹം ആദ്യം വരുന്നത്. അന്ന് സെക്രട്ടറിയായിരുന്ന എംകെ രാഘവനുമായും ശാശ്വതികാനന്ദ സ്വാമികളുമായുള്ള വെള്ളാപ്പള്ളിയുടെ അടുപ്പമാണ് എസ്എൻ ട്രസ്റ്റിന്റെ തലപ്പത്തേയ്ക്ക് അദ്ദേഹത്തെ എത്തിക്കുന്നത്.

ശിവഗിരി മഠവും എസ്എൻഡിപിയും തമ്മിൽ അന്ന് നല്ല ബന്ധത്തിലായിരുന്നോ?

തുടക്കം മുതൽ തന്നെ അവർ തമ്മിൽ പ്രശ്നങ്ങളുണ്ട്. ഗുരുദേവന്റെ യതിപൂജ പോലും നടത്താൻ പറ്റാതെ പോയത് കേരള കൗമുദിയിലെ സിവി കുഞ്ഞിരാമൻ സ്റ്റേ വാങ്ങിയിട്ടല്ലേ. ഗുരു മരിച്ച് നാൽപത്തിയൊന്നിന് ഒരുപാട് പേർക്ക് ഭക്ഷണമൊക്കെ തയ്യാറാക്കിവച്ചിട്ട് അതു മുഴുവൻ പാഴായിപ്പോയെന്നാണ് ചരിത്രം. ഗുരുദേവന്റെ സ്വത്തുക്കൾ മഠത്തിനാണോ എസ്എൻഡിപി യോഗത്തിനാണോ എന്ന് ആദ്യകാലത്ത് തുടങ്ങിയ തർക്കങ്ങളാണ് ഇന്നും പലവിധ ഭിന്നതകളായി നിലനിൽക്കുന്നത്.

എസ്എൻ ട്രസ്റ്റിൽ നിന്നും വെള്ളാപ്പള്ളി എസ്എൻഡിപിയിൽ എത്തുന്നത് എങ്ങനെയാണ്?

എസ്എൻഡിപിയിൽ അദ്ദേഹത്തിന്റെ എൻട്രി എന്ന് പറയുന്നത് 1995 ലെ വൈക്കത്തെ ടിവി പുരം സംഭവമാണ്. അവിടെ ഒരു ശ്മശാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈഴവരും ക്രിസ്ത്യൻ സഭയുമായി പ്രശ്നങ്ങളുണ്ടായി. അത് വലിയൊരു സമുദായപ്രശ്നമായി കോട്ടയം ജില്ലയിലാകെ ആളിപ്പടർന്നു. ആ വിഷയം കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ എസ്എൻഡിപി നേതൃത്വം പരാജയപ്പെട്ടെന്ന പ്രതീതി ഉണ്ടായി. അല്ലെങ്കിൽ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അത് അത്തരത്തിൽ പ്രചരിപ്പിച്ചു. അതിന് മാധ്യമങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു.

ആ വിഷയം ആളിപ്പടർന്ന കയ്യാങ്കളികളിലേയ്ക്ക് വരെ എത്തിയപ്പോൾ അവിടേയ്ക്ക് വെള്ളാപ്പള്ളി എത്തി. 'ഞാനുമൊരു പള്ളിയാണ്, വെള്ളാപ്പള്ളി. ഈ പള്ളിക്കെത്ര വിലയാകും. ഞാൻ തരാം.' വെള്ളാപ്പള്ളിയുടെ ഈ മാസ് ഡയലോഗ് ഈഴവർക്കിടയിൽ അദ്ദേഹത്തെ ആരാധ്യപുരുഷനാക്കി. ഈ ഡയലോഗ് അവർ കേരളമാകെ പാടിനടന്നു. പള്ളിക്ക് പോലും വിലപറയാൻ കഴിയുന്ന ഇദ്ദേഹത്തെ പോലുള്ളവർ നേതൃത്വത്തിലേയ്ക്ക് വരണമെന്ന് അവർക്കിടയിൽ സംസാരമുണ്ടായി. സമ്പന്നരെ ആരാധിക്കുന്ന ഒരു ശീലം നമുടെ സമൂഹത്തിലുണ്ടല്ലോ. പ്രത്യേകിച്ച് ഈഴവർക്കിടയിൽ.

1996 ലാണ് എസ്എൻഡിപി ഇലക്ഷൻ വരുന്നു. സത്യൻ വക്കീലാണ് ഇലക്ഷന്റെ ജനറൽ കൺവീനർ. ഗോപിനാഥ് സാറിന്റെ പാനലിനെതിരെ എഎസ് പ്രതാപ് സിങ് പ്രസിഡന്റും വിദ്യാസാഗർ സാർ വൈസ് പ്രസിഡന്റും വെള്ളാപ്പള്ളി ജന. സെക്രട്ടറിയുമായുള്ള പുതിയൊരു പാനൽ വരുന്നു. ശാശ്വതീകാനന്ദ സ്വാമികളാണ് ഈ പാനൽ അവതരിപ്പിക്കുന്നത്. അന്ന് ഞാനൊരു ശാഖാ ഭാരവാഹി പോലുമല്ല. പക്ഷെ ഞാനും അന്ന് വോട്ട് ചെയ്തു. ഞങ്ങളെകൊണ്ട് എതിർവിഭാഗത്തിനെ ചീമുട്ട വരെ എറിയിച്ചു.

ശരിക്കും യോഗത്തിലെ തെരഞ്ഞെടുപ്പ് സിസ്റ്റം പോലും ശരിയല്ല. ഒരു യൂണിയൻ പ്രസിഡന്റിനെ പർച്ചെയ്സ് ചെയ്താൽ ആ യൂണിയനിലെ മുഴുവൻ വോട്ടും കിട്ടുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. 200 പേർക്ക് ഒരു വോട്ടാണുള്ളത്. ഒരു ശാഖയിൽ 2000 സ്ഥിരാംഗങ്ങൾ ഉണ്ടെങ്കിൽ പത്ത് വോട്ടുകളാണ് ഉള്ളത്. പക്ഷെ ഈ പത്ത് പേരെ തെരഞ്ഞെടുക്കുന്നത് 2000 പേർ ചേർന്നല്ല. 25 പേർ മാത്രമുണ്ടായാൽ ക്വോറം തികയും. 26 പേർ പങ്കെടുത്തതായി മിനിറ്റ്സ് ഉണ്ടാക്കി 10 പേരെ തീരുമാനിക്കും. ശാഖാ യോഗം നടക്കണമെന്ന് ഒരു നിർബന്ധവുമില്ല. മിക്കവാറും ഒരിടത്തും നടക്കാറില്ല. വടക്കോട്ടൊന്നും ഒട്ടും നടക്കാറില്ല. ഇതിന്റെ ഇന്റേണൽ മെക്കാനിസം ഇങ്ങനെയാണ്. നമ്മൾ ലോകത്ത് പല ബൈലോകളും കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു ബൈലോ ആദ്യമാണ്. പിന്നെ വെള്ളാപ്പള്ളി അയാളുടെ സൗകര്യപ്രകാരം പലതവണ അത് ഭേദഗതിയും ചെയ്തു.

വെള്ളാപ്പള്ളി എസ്എൻഡിപി പിടിച്ചെടുക്കുന്നത് എങ്ങനെയാണ്?

ഇലക്ഷന് മുമ്പ് അദ്ദേഹം കേരളമാകെ യാത്ര ചെയ്ത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചെയ്സ് ചെയ്തു. ശാശ്വതികാനന്ദ സ്വാമികളുടെ പിന്തുണയുമുണ്ടല്ലോ. പുതിയ നേതൃത്വം വരട്ടെ, പള്ളിക്ക് വില പറഞ്ഞയാൾ ജയിക്കട്ടെ എന്ന് എല്ലാവരും കരുതി. യഥാർത്ഥത്തിൽ ഒരു സംഘടനാ മര്യാദ അനുസരിച്ചല്ല അന്ന് ഇലക്ഷൻ നടന്നത്. എതിർവിഭാഗക്കാരെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. വോട്ടവകാശം ഇല്ലാത്തവരും അന്ന് വോട്ട് ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു വോട്ടർമാരെ വണ്ടിപിടിച്ചു കൊണ്ടുപോയ നമുക്ക് 2000 രൂപ വീതം കിട്ടുന്നത്.

വലിയതന്ത്രശാലിയും സംഘടനയെ കൈപ്പിടിയിലൊതുക്കാൻ ശേഷിയുള്ള അതിബുദ്ധിശാലിയായ ആളുമാണ് വെള്ളാപ്പള്ളി.

അദ്ദേഹം എസ്റ്റാബ്ലിഷ് ചെയ്യാൻ എന്തൊക്കെയാണ് ചെയ്തത്?

ശിവഗിരി സമ്മേളനത്തിൽ അദ്ദേഹത്തെ പുകഴ്‌ത്തി കഥാപ്രസംഗം വരെ അവതരിപ്പിച്ചിട്ടുണ്ട്. പള്ളിക്ക് വിലപറഞ്ഞതൊക്കെയാണ് തീം. ഞങ്ങൾക്കും അന്നൊക്കെ അത് കാണുമ്പോൾ അഭിമാനമായിരുന്നു. ഞങ്ങളുടെ നേതാവ് ഇത്രയും പവർഫുൾ ആണല്ലോ എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഞങ്ങളിൽ ഈഴവാഭിമാനം കുത്തിവയ്ക്കും. ഞാൻ മാന്നാനം ശാഖാ പ്രസിഡന്റായിരുന്നപ്പോൾ അഞ്ച് തവണ ഞാൻ അദ്ദേഹത്തെ എന്റെ ശാഖയിൽ പല പരിപാടികൾക്കായി കൊണ്ടുവന്നിട്ടുണ്ട്. മാന്നാനും ജംഗ്ഷനിൽ നിന്നും ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് കൊണ്ടുവരുന്നത്. അന്ന് വെള്ളാപ്പള്ളി നടേശനെന്നാൽ എനിക്ക് ദൈവതുല്യനായിരുന്നു. പൂജാമുറിയിൽ ഗുരുദേവന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ ഫോട്ടോയും വച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. എന്നും രാവിലെ പത്രമെടുത്ത് ഇന്ന് ജനറൽ സെക്രട്ടറിയിൽ എവിടെയാണെന്ന് നോക്കി അവിടെ പോകുമായിരുന്നു. ഒരിക്കൽ ഒരു പരിപാടി കഴിഞ്ഞ് അദ്ദേഹം ഇറങ്ങുമ്പോൾ എന്നെ കണ്ട് 'ഹാ വക്കീലെ' എന്ന് വിളിച്ച് അദ്ദേഹത്തിന്റെ കഴുത്തിൽകിടന്ന ഷാളെടുത്ത് എനിക്കിട്ട് തന്നു. അത് എന്നെ സംബന്ധിച്ച് വലിയ അവാർഡ് കിട്ടിയത് പോലെയായിരുന്നു. ആ ഷാൾ ഞാൻ വീട്ടിൽ കൊണ്ടുവന്ന് പൊന്നുപോലെ സൂക്ഷിച്ചുവച്ചിരുന്നു.

വലിയ ഗിമ്മിക്കുകൾ കാണിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ ഇമേജ് വർദ്ധിപ്പിച്ച് കൊണ്ടിരുന്നു. ഇസ്ലാം മതസ്ഥനായ ഡോ. ബഷീറിനെ കൊണ്ട് വെള്ളാപ്പള്ളിയെ പുകഴ്‌ത്തി അന്യമതസ്ഥർക്ക് പോലും സ്വീകാര്യനാണ് തങ്ങളുടെ നേതാവെന്ന് ഈഴവ സമുദായംഗങ്ങളെ തോന്നിപ്പിക്കുക, പകരക്കാരനില്ലാത്ത അമരക്കാരൻ, മനസ് തരൂ പട്ടിണി മാറ്റാം തുടങ്ങിയ തലക്കെട്ടുകൾ നൽകി വെള്ളാപ്പള്ളിയുടെ ഫോട്ടോ പ്രചരിപ്പിക്കുക, ശാഖ പരിപാടികളിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പൈസ കൊടുക്കുക, പാവപ്പെട്ടവരെ ആകർഷിക്കുന്ന തരത്തിൽ പ്രസംഗിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് അദ്ദേഹം അന്ന് ഉപയോഗിച്ചത്.

അതുകഴിഞ്ഞ് 1999 ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടില്ലേ? അന്നെന്താണ് സംഭവിച്ചത്?

1999 ആയപ്പോഴേയ്ക്ക് അദ്ദേഹത്തിന് യോഗത്തിൽ എതിരില്ലാതായി. എതിരില്ലാതെയാണ് അദ്ദേഹം അന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹം ബൈലോ ഭേദഗതി ചെയ്ത് കമ്മിറ്റിയുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടി. എസ്എൻഡിപി യോഗത്തിന് കൗൺസിലർ എന്ന പദവി പണ്ടുകാലത്ത് വളരെ പവർഫുള്ളായിരുന്നു. പരമാധികാര സഭ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ബൈലോ ഭേദഗതി ചെയ്ത് അസിസ്റ്റന്റ് സെക്രട്ടറി, ഇൻസ്പെക്ടിങ് ഓഫീസർ തുടങ്ങിയ തസ്തികകൾ കൂടി സൃഷ്ടിച്ചു. പ്രത്യേകിച്ച് ഒരു അധികാരവുമില്ലാത്ത തസ്തികകളാണ്. അദ്ദേഹത്തിന്റെ തന്ത്രമെന്തെന്നാൽ വളരെ ജൂനിയറായ കുട്ടികളെയാണ് കൗൺസിലർമാരായി കൊണ്ടുവരുന്നത്. യോഗത്തെ പറ്റി ആധികാരികമായി അറിയുന്ന ആരെയും അവിടെ നിയമിക്കില്ല. അവരെയാകട്ടെ പരമാവധി രണ്ട് വർഷത്തിൽ കൂടുതൽ ആ സ്ഥാനത്ത് ഇരുത്തില്ല. അവരെ അവിടെ നിന്നും മാറ്റി ഒരു അധികാരവുമില്ലാത്ത പുതിയ തസ്തികകളിലിരുത്തും. അങ്ങനെ വരുമ്പോൾ ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാനുണ്ടാവില്ല.

എസ്എൻഡിപി യോഗം ജന സെക്രട്ടറിക്ക് ഒരു കാർ വാങ്ങണമെങ്കിലോ ഒരു നിയമനം നടത്തണമെങ്കിലോ യോഗത്തിൽ മണിക്കൂറുകളോളം ചർച്ച ചെയ്ത് മാത്രമെ പറ്റുമായിരുന്നുള്ളു. എന്നാൽ 25 വർഷമായി ഏതെങ്കിലുമൊരു നിയമനത്തെ പറ്റി എസ്എൻഡിപി യോഗത്തിൽ ചർച്ച നടന്നിട്ട്. ഒരു സംഭാവനയ്ക്കും രസീത് നൽകാറില്ല. ഓരോ നിയമനത്തിനും എത്ര വാങ്ങി എന്ന് അറിയുന്ന ഒരാൾ പോലും കമ്മിറ്റിയിലില്ല. ഞാൻ പറഞ്ഞിട്ട് ഒരാൾ ഒരു നിയമനത്തിനായി വെള്ളാപ്പള്ളിയെ കാണാൻ പോയിരുന്നു. മാനേജർ റിമോർട്ട് ഉപയോഗിച്ച് കാറിന്റെ ഡിക്കി ഉയർത്തിയിട്ട്, ഇവിടെ പണം വച്ചിട്ട് പോകാൻ പറഞ്ഞെന്നാണ് അയാൾ എന്നോട് നിസഹായമായി പറഞ്ഞത്.

അപ്പോൾ അങ്ങനെയാണ് വെള്ളാപ്പള്ളി നടേശൻ ആർക്കും ചോദ്യം ചെയ്യാനാകാത്ത രാജാവായി മാറിയത്. അല്ലേ?

ചോദ്യം ചെയ്ത് പോയാൽ പിന്നെ അവൻ സംഘടനയിൽ ഉണ്ടാവില്ല. 

(തുടരും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP