Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂലിവേലക്കാരായ ബാപ്പയും ഉമ്മയും; ഫ്‌ളക്‌സ് ബോർഡിന്റെയും ഡ്രൈവർ ജോലിയും ചെയ്തു വരവേ ബന്ധുവിന്റെ സഹായത്തോടെ മൊബൈൽ ഷോപ്പു തുടങ്ങി; മാനസിക വൈകല്യമുള്ളയാൾ ഭക്ഷണം ചോദിച്ച് എത്തിയപ്പോൾ വാങ്ങി നൽകി തുടങ്ങിയ കാരുണ്യ പ്രവർത്തനം; ആദ്യമായി ഫേസ്‌ബുക്കിൽ സഹായം അഭ്യർത്ഥിച്ചു വീഡിയോ ചെയ്തത് പാലക്കാട് റെയിൽവെ സ്റ്റേഷന് മുന്നിൽ കണ്ടുമുട്ടിയ ലോട്ടറി വിൽപ്പനക്കാരൻ ഹംസക്കയുടെ ദുരവസ്ഥ കണ്ട്: ആലത്തൂരിലെ പട്ടിണിക്കാരൻ എങ്ങനെ നന്മമരമായി? ഫിറോസ് കുന്നുംപറമ്പിൽ മറുനാടനോട് മനസ് തുറക്കുന്നു

കൂലിവേലക്കാരായ ബാപ്പയും ഉമ്മയും; ഫ്‌ളക്‌സ് ബോർഡിന്റെയും ഡ്രൈവർ ജോലിയും ചെയ്തു വരവേ ബന്ധുവിന്റെ സഹായത്തോടെ മൊബൈൽ ഷോപ്പു തുടങ്ങി; മാനസിക വൈകല്യമുള്ളയാൾ ഭക്ഷണം ചോദിച്ച് എത്തിയപ്പോൾ വാങ്ങി നൽകി തുടങ്ങിയ കാരുണ്യ പ്രവർത്തനം; ആദ്യമായി ഫേസ്‌ബുക്കിൽ സഹായം അഭ്യർത്ഥിച്ചു വീഡിയോ ചെയ്തത് പാലക്കാട് റെയിൽവെ സ്റ്റേഷന് മുന്നിൽ കണ്ടുമുട്ടിയ ലോട്ടറി വിൽപ്പനക്കാരൻ ഹംസക്കയുടെ ദുരവസ്ഥ കണ്ട്: ആലത്തൂരിലെ പട്ടിണിക്കാരൻ എങ്ങനെ നന്മമരമായി? ഫിറോസ് കുന്നുംപറമ്പിൽ മറുനാടനോട് മനസ് തുറക്കുന്നു

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏതാനും ആഴ്‌ച്ചകളായി സജീവ ചർച്ചാവിഷയമായി നിൽക്കുന്നത് ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റിക്കാരനാണ്. ഫിറോസ് കുന്നുംപറമ്പിൽ മഞ്ചേശ്വരത്ത് മുസ്ലിംലീഗിന് വേണ്ടി വോട്ടു പിടിക്കാൻ പോയതോടെയാണ് അദ്ദേഹത്തിനെതിരെ വിമർശനം കടുത്തത്. ഇതിനെ എതിർത്ത് ജസ്ല മാടശ്ശേരി എന്ന പെൺകുട്ടി രംഗത്തുവന്നതും ഇതിന് ഫിറോസ് നൽകിയ  മറുപടിയും കൂടിയായപ്പോൾ വിവാദം കൊഴുത്തു. സ്ത്രീത്വത്തെ ഫിറോസ് അപമാനിച്ചു എന്ന വിധത്തിലായിരുന്നു ഈ വിഷയം ചർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ ഫിറോസ് മാപ്പു പറഞ്ഞെങ്കിലും ഫിറോസിനെ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ എണ്ണം കൂടി.

ഇങ്ങനെ പല കോണുകളിൽ നിന്നും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുമ്പോഴും ഫിറോസ് കുന്നുംപറമ്പിൽ സമൂഹത്തിൽ അശരണരായവരുടെ പ്രതീക്ഷയാണ്. സർക്കാർ സംവിധാനങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ഫിറോസിന് ഒരു ഫേസ്‌ബുക്ക് ലൈവിലൂടെ ചെയ്യാൻ സാധിക്കുന്നുണ്ട്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗികൾക്ക് വേണ്ടിയും മറ്റും ഫിറോസിന്റെ ലൈവിലൂടെ ലക്ഷങ്ങൾ സഹായമായി എത്തുന്നു. ഇതെല്ലാം, സാധിക്കുന്നതിൽ അദ്ദേഹത്തിന്റെ പോപ്പുലാരിറ്റി പ്രധാന ഘടകമാണ്. എന്നാൽ, ഫിറോസ് തട്ടിപ്പുകാരനാണെന്ന സൈബർ പ്രചരണവും ഒരു വശത്ത് നടക്കുന്നു. ഈ ആരോപണങ്ങളെ പ്രതിരോധിച്ചും അതിലെ പൊള്ളത്തരം തുറന്നുകാട്ടിയും ഫിറോസ് മറുനാടനോട് സംസാരിച്ചു. മറുനാടൻ ടിവിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖ പരിപാടിയിലാണ് ഫിറോസ് തന്റെ ചാരിറ്റിയെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസു തുറന്നത്. അഭിമുഖത്തിലേക്ക്..

  • സോഷ്യൽ മീഡിയയുടെ നന്മമരമാണ് ഫിറോസ് കുന്നംപുറമ്പിൽ. ഫിറോസ് ശരിക്കും ഫിറോസ് ഒരു നന്മമരം ആണോ?

ഇപ്പോൾ നന്മ മരം എന്ന് കേൾക്കുന്നത് സത്യത്തിൽ ഇപ്പോൾ വിഷമമാണ് തോന്നാറ്. കാരണം ഈ ഒരു വാക്ക് പലരും അനാവശ്യനമായി ഘട്ടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. എന്റെ ചാരിറ്റി പ്രവർത്തനങ്ങൾ മറ്റുള്ള ആളുകളുടെ പ്രീതി പിടിച്ചു പറ്റാനോ പബ്ലിസിറ്റിക്ക് വേണ്ടിയിട്ടില്ല തുടങ്ങിയത്. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ സാധാരണ കുടുംബത്തിൽ നിന്നാണ് ഞാൻ വന്നിട്ടുള്ളത്. എനിക്ക് സ്വന്തമായി വീടില്ല. തറവാട്ട് വീട്ടിലെ പൊളിഞ്ഞു വീഴാറായ റൂമാലാണ് ഞാൻ താമസിക്കുന്നത്. ഉമ്മയും ബാപ്പയും സഹോദരന്മാരും അടങ്ങുന്നതാണ് കുടുംബം. കൂലിവേലയാണ് ഇരുവർക്കും. വീട്ടു ജോലിയും കോൺക്രീറ്റു പണിയും അടക്കം ബീഡി തെറപ്പും നടത്തിയാണ് ഉമ്മയുടെ ബാപ്പയും ജീവിതം തള്ളി നീക്കിയിരുന്നത്.

പത്താംക്ലാസിൽ തോറ്റ ആളാണ് ഞാൻ. ഇതോടെ പിന്നീട് പല ജോലികളും ചെയ്തു. ഫ്ളക്സ് ബോർഡിന്റെ ജോലിയായിരുന്നു ആദ്യം ചെയ്തത്. അതിന് ശേഷം കളത്തിൽ അബ്ദുള്ള സാഹിബിന്റെ ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് എനിക്ക് സൗജന്യമായി ഒരു മുറി കിട്ടി. അവിടെയാണ് ഒരു ബന്ധുവിന്റെ സഹായത്തോടെ ഒരു മൊബൈൽ ഷോപ്പു തുടങ്ങിയത്. സുഹൃത്തിന്റെ കടയിൽ നിന്ന് കഴിക്കാൻ തന്ന ഭക്ഷണവുമായി മടങ്ങിയപ്പോഴാണ് തെരുവിൽ ഉറങ്ങുന്ന മാനസിക വൈകല്യമുള്ള ആളിനെ ശ്രദ്ധിക്കുന്നതും അദ്ദേഹത്തിന് ഭക്ഷണം നൽകുന്നതും. ഇതിന് പിന്നാലെ ഒരു ചെറുപ്പക്കാരനും എന്നോട് ഭക്ഷണം ചോദിച്ചെത്തി. അതിൽ നിന്നാണ് ഞാൻ ആലത്തൂരിൽ ഭക്ഷണ വിതരണം ആരംഭിക്കുന്നത്. പിന്നെ ആറുമാസത്തോളം ആലത്തൂരിൽ 18ഓളം പേർക്ക് കൊടുത്തിരുന്നു. ഇതിന് ആരുടെ കൈയിൽ നിന്നും കാശ് വാങ്ങിയിരുന്നില്ല ഹോട്ടൽ ഉടമകളായി സുഹൃത്തുക്കൾ സഹായിച്ചിരുന്നു. പിന്നീടാണ് ചിന്തിച്ചത് ഇത് പാലക്കാട് ടൗണിലേക്ക് എന്തുകൊണ്ട് വ്യാപിപ്പിച്ചുക്കൂടാ എന്ന്. പാലക്കാട് എന്റെ ഒരു ബന്ധുവും അവന്റെ സുഹൃത്തുമായി സഹകരിച്ചാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. 70-80 ആളുകൾ ഭക്ഷണം കൊടുക്കാൻ സഹായിച്ചത് അവിടുത്തെ ഹോട്ടൽ അസോസിയേഷന്റെ സഹായത്തോടെയായിരുന്നു. ഈ സംഭവമൊക്കെ ഞാൻ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. അത് മറ്റൊന്നിനുമല്ല ഇത് കണ്ടിട്ട് മറ്റുള്ളവർക്ക് കൂടി ഒരു സഹായം ചെയ്യാൻ തോന്നിയാലോ എന്ന് വിചാരിച്ചിട്ടാണ്. മരുന്നും പുതപ്പും പഴയ വസ്ത്രങ്ങളടക്കം നിരവധി സഹായങ്ങളും ചെയ്തിരുന്നു.

  • ആലത്തൂരുകാരൻ ഫിറോസ് എങ്ങനെ ഇത്രയും വലിയ പ്രസ്ഥാനമായി വളർന്നു? ചാരിറ്റിപ്രവർത്തനങ്ങളിലേക്ക് കടന്നത് എങ്ങനെയാണ്?

ആലത്തൂരും പാലക്കാടും ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് അവിചാരിതമായി ഒരു സംഭവം നടക്കുന്നത്. പാലക്കാട് റെയിൽവെ സ്റ്റേഷന് മുന്നിൽ കണ്ടുമുട്ടിയ ഹംസയും കുടുംബത്തിൽ നിന്നുമാണ് ചാരിറ്റി തുടങ്ങുന്നത്. തല ചയ്ക്കാൻ ഒരു കൂരയില്ലാതെ ഒരു വർഷമായി ഹംസക്കായും കുടുംബം കടത്തിണ്ണയിലും സ്റ്റേഷനിലുമായി മറ്റുമായി കഴിഞ്ഞു പോകുകയായിരുന്നു. ലോട്ടറി കച്ചവടമായിരുന്നു അവരുടെ ജോലി. ഈ പണം കൊണ്ട് ഒരു നേരത്ത ഭക്ഷണത്തിനു മാത്രമെ അവർക്ക് ആകെ തികയുമായിരുന്നുള്ളു. അവരുടെ ദയനീയ പുറം ലോകത്തെത്തിക്കാനും എന്തെങ്കിലും സഹായം ലഭിക്കാനുമായിട്ടാണ് ഞാൻ ആദ്യമായി വീഡിയോ ചെയ്യുന്നത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും അവരെ ഏറ്റെടുക്കാൻ ഒരു സംഘടനയും എത്തിയില്ല. ഇതോടെ ഞാൻ അവരെ ഏറ്റെടുത്ത് ആലത്തൂർ ഒരു വാടക വീട്ടിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടയിൽ ചില വ്യക്തികളിൽ നിന്ന് സഹായം കിട്ടിയിരുന്നു. ആ വാടക വീടിന്റെ അഡ്വാൻസും ഒരു മാസത്തെ വാടകയും പട്ടാമ്പിയിലുള്ള ഒരു വ്യക്തി നൽകിയിരുന്നു. പിന്നീട് ഒരു സംഘടനയും ഞാനുമായി സഹകരിച്ചിരുന്നു. ഇതിന് പിന്നാലെ ബാക്കിയുള്ള വാടകയും അവരുടെ ചിലവുകളും മകന്റെ വിദ്യാഭ്യാസവും ഞാൻ തന്നെ ഏറ്റെടുത്തു. ഇതിന് സഹായങ്ങളും കിട്ടിയിരുന്നു. ഇതിനെ തുടർന്ന് ഇവരെ പുനരധിവസിപ്പിച്ച വീഡിയോ ഞാൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് സ്ഥലം വാങ്ങാനും വീട് വയ്ക്കാനും നിരവധി സഹായങ്ങൾ വരാൻ തുടങ്ങി. അതിൽ നിന്ന് ഇവരുടെ ആവശ്യത്തിനുള്ള തുക കഴിച്ച് മറ്റുള്ളവർക്കും സഹായം നൽകാൻ തുടങ്ങി. ഇവരുടെ വീടിന്റെ ടെയ്ൽസിന്റെ പണി ഇപ്പോൾ നടക്കുന്നുണ്ട്. അതൂകൂടി കഴിഞ്ഞാൽ ഇവരെ അങ്ങോട്ട് മാറ്റും. തുകയെല്ലാം വന്നത് എന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു. ഇവിടുന്നാണ് എല്ലാത്തിന്റെയും തുടക്കം.

  • ഈ കാരുണ്യ പ്രവർത്തനം ഇത്രയും വലുതാകുമെന്ന് കരുതിയിരുന്നോ?

ഞാൻ ഇതിനെ ശ്രദ്ധിക്കുന്നില്ല. പണം അയക്കുന്നത് ആരെന്ന് ഞാൻ നോക്കുന്നില്ല. ആദ്യമൊക്കെ വീഡിയോ ഇടുമ്പോൾ ഞാൻ എന്റെ മൊബൈൽ നമ്പർ ഇടുമായിരുന്നു അതൊരു വിശ്വാസത്തിന് വേണ്ടിയായിരുന്നു. ഇപ്പോൾ അത് ഇടാറില്ല. കാരണം ഇപ്പോൾ കേരളത്തിലെ പൊതു സമൂഹത്തിന് അറിയാം ഞാൻ ചെയ്യുന്ന വീഡിയോ ആകുമ്പോൾ അത് അർഹതപ്പെടുന്നവരിൽ എത്തുമെന്നും അത് കൃത്യമാകുമെന്നും. ഇപ്പോൾ ഒരു രോഗിയുടെ വീഡിയോ ഇടുമ്പോൾ അവരുടെ അക്കൗണ്ട് നമ്പർ ഇടും. ഇതിന് ശേഷം എത്ര തുക എത്തിയെന്ന് അവരോട് ചോദിക്കും. എന്നിട്ട് അവരുടെ ആവശ്യം കഴിഞ്ഞ് തുകവരുന്ന സാഹചര്യത്തിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആവശ്യപ്പെടും.അങ്ങനെയാണ് ഇപ്പോൾ നടക്കുന്നത്.

  • ഇത്രയും കാലയളവിൽ താങ്കൾ മുഖേന  എത്രപേർക്ക് സഹായം ലഭിച്ചു? ഏറ്റവും കൂടുതൽ തുക വന്നത് എപ്പോൾ?

ഇതുവരെ എത്രപേരെ സഹായിച്ചു എന്നു കൃത്യമായ കണക്കു നോക്കിയിട്ടില്ല. ഈ ഒരു ചോദ്യമാണ് അന്ന് വിവാദമുണ്ടാക്കിയത്. എനിക്ക് അറിയില്ല എത്രപേരെ സഹായിച്ചെന്ന്. അതു നോക്കണമെങ്കിൽ ഞാൻ ചെയ്ത ഫേസ്‌ബുക്ക് വീഡിയോകൾ നോക്കണം. ഏറ്റവും കൂടുതൽ തുക വന്നത് പാലക്കാട് ഒരു കുട്ടിയുടെ ചിക്താസാ ആവശ്യത്തിനാണ്. 84 ലക്ഷം രൂപയാണ് അന്ന് ചികിത്സാ സഹായം അഭ്യർത്ഥിച്ചപ്പോൾ ലഭിച്ചത്. എന്നാൽ, ആ തുക വിനിയോഗിക്കാൻ ആവശ്യം വന്നില്ല. മൂന്നാം ദിവസം ആ കുട്ടി മരണപ്പെട്ടു. പിന്നെ ആ തുക എന്റെ അക്കൗണ്ടിലേക്ക് മാറ്റി ബാക്കിയുള്ളവർക്ക് നൽകുകയായിരുന്നു. അതായിരുന്നു സൗത്ത് ഇന്ത്യൻ ബാക്കിൽ തുടങ്ങി 50 ചെക്കുകൾ വാങ്ങുന്നത്. അതു മുതലാണ് എന്റെ അക്കൗണ്ടിലേക്ക് തുക മാറ്റാൻ തുടങ്ങിയത്. ഏകദേശം ഒരു വർഷമായി പിന്നെ മൂന്നു കുട്ടികളുടെ അപകടത്തിനായി ഇട്ട വീഡിയോയിലാണ് ഒരു കോടി 17 ലക്ഷം വന്നത്. പിന്നെ ഇവരുടെ ചികിത്സയ്ക്കായി ഇത്രയും തുക വേണ്ടി വന്നില്ല. പിന്നെ ഈ കേസിൽ വന്ന തുക മറ്റു കേസുകളിലേക്ക് മാറ്റി ചെലവഴിക്കും.

  • കാശ് ശേഖരിക്കുന്ന അക്കൗണ്ടിൽ വന്ന തുക നൽകാൻ വിസമ്മതിച്ചവർ ഉണ്ടോ?

ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ കാസർകോട് ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ ആൾ മരണപ്പെട്ടപ്പോൾ. മൂന്നു നാലു ലക്ഷം രൂപ ബാക്കിയുണ്ടായിരുന്നു. ഞാൻ അവരുടെ വീട്ടിൽ പോയി മരിച്ച ആളുടെ കുടുംബത്തിന് ആ തുക നൽകണമെന്ന് പറഞ്ഞു അവരുടെ വീട്ടിൽ പോയപ്പോൾ അവർ പറഞ്ഞത്. എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ... ഈ കാശ് എന്തു ചെയ്യണമെന്ന് ഞങ്ങൾക്കറിയാം എന്നായിരുന്നു. ഇതേ സമാന അനുഭവം മറ്റൊരു കേസിലും ഉണ്ടായിട്ടുണ്ട്. ഒരു കരൾ മാറ്റിവയ്ക്കൽ കേസിൽ ആ ചികിത്സയ്ക്ക് സ്വരൂപിച്ച് നൽകിയ 30 ലക്ഷം രൂപ അവർ ഉപയോഗിച്ചത് വീട് വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായിരുന്നു. ചില സ്ഥലങ്ങളിൽ നിന്ന് നന്ദികേടും ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ ചാരിറ്റി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒടു ട്രസ്റ്റിനും രൂപം കൊടുത്തിട്ടുണ്ട്. ഇങ്ങനെ ട്രസ്റ്റ് തുടങ്ങിയ ശേഷം അക്കൗണ്ടിലേക്ക് ഒരു കോടി പത്ത് ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഇതിന്റെ സ്റ്റേറ്റ്‌മെന്റ് കൃത്യമായി എടുത്തു വെച്ചിട്ടുണ്ട്. ട്രസ്റ്റ് തുടങ്ങിയപ്പോഴും അതിനെയും വിമർശിക്കാൻ ആളുകൾ ഉണ്ടായി. ഞാനും എന്റെ മാമന്റെ മോനും ചേർന്നാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അത് ഞാനും അഫ്പ്പനും സുഭദ്രയുമാണ് ട്രസ്റ്റ് എന്ന ഡയലോഗു കൊണ്ടാണ് കളിയാക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെ കളിയാക്കൽ ഉണ്ടെങ്കിലും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി പോകുന്നുണ്ട്. ചാരിറ്റി ചെയ്യുമ്പോൾ അക്കൗണ്ടിൽ ലഭിക്കുന്ന പണത്തിൽ നിന്നും എന്റെ ചെലവിനോ ഡീസൽ അടിക്കാനോ പണം പോലും ഞാൻ എടുക്കാറില്ല. ഇതെല്ലാം കൃത്യമായി തന്നെ രോഗികൾക്ക് പോകുന്നുണ്ട്. ഇതുപോലൊരു ട്രസ്റ്റ് വേറെ എവിടെ ഉണ്ടാകും.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP