Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരംചുറ്റി പ്രേമത്തിന്റെ കാലത്ത് മലയാളിയെ ഞെട്ടിച്ച സൈക്കോ ഡ്രാമയായ 'സ്വപ്നാടനം'; ആണധികാരത്തിന്റെ ബന്ധനത്തിൽ അകപ്പെട്ട സ്ത്രീകളുമായി 'ആദാമിന്റെ വാരിയെല്ല്'; മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനമയായ 'യവനിക'; ആക്ഷേപഹാസ്യംകൊണ്ട് നിശിതമായ സാമൂഹിക വിമർശനം തൊടുത്ത 'പഞ്ചവടിപ്പാലം'; കാലത്തിന്മുമ്പേ പിറന്ന സിനിമയെടുത്ത കെ ജി ജോർജിന് ഇന്ന് 75

മരംചുറ്റി പ്രേമത്തിന്റെ കാലത്ത് മലയാളിയെ ഞെട്ടിച്ച സൈക്കോ ഡ്രാമയായ 'സ്വപ്നാടനം'; ആണധികാരത്തിന്റെ ബന്ധനത്തിൽ അകപ്പെട്ട സ്ത്രീകളുമായി 'ആദാമിന്റെ വാരിയെല്ല്'; മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനമയായ 'യവനിക'; ആക്ഷേപഹാസ്യംകൊണ്ട് നിശിതമായ സാമൂഹിക വിമർശനം തൊടുത്ത 'പഞ്ചവടിപ്പാലം'; കാലത്തിന്മുമ്പേ പിറന്ന സിനിമയെടുത്ത കെ ജി ജോർജിന് ഇന്ന് 75

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മരം ചുറ്റിപ്രേമങ്ങളും മൂന്നാംകിട മസാലകളും അരങ്ങതകർക്കുന്ന സമയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമയുമായി വന്ന മുൻപേ പറക്കുന്ന പക്ഷി. മലയാള സിനിമയ്ക്ക് നവീന ഭാഷ്യവും കരുത്തും നൽകിയ കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന പ്രതിഭാധനനായ സംവിധയാൻ കെ ജി ജോർജിന് ഇന്ന് 75വയസ്സ്. തന്റെതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യ പരിചരണത്തിലൂടെയും മലയാള സിനിമ പിന്തുടർന്ന് പോന്ന ഭാഷയും വ്യാകരണവും മാറ്റി എഴുതുകയായിരുന്നു കെ ജി ജോർജ്. 1976 ൽ റിലീസ് ചെയ്ത ആദ്യ സിനിമയായ സ്വപ്നാടനം മുതൽ അവസാനം പുറത്തിറങ്ങിയ ഇളവങ്കോട് ദേശം വരെയുള്ള സിനിമകൾ ഓരോന്നും പരിശോധിച്ചാൽ കെ ജി ജോർജ് എന്ന സംവിധായകന്റെ ക്രാഫ്റ്റ്മാൻഷിപ് മനസ്സിലാകും, ഓരോ സിനിമയും ഓരോ അവതരണ രീതികൾ, വ്യത്യസ്ത പശ്ചാത്തലങ്ങൾ, വ്യത്യസ്ത ശൈലിയിലുള്ള സിനിമകൾ. ഇന്ന് ആഷിക്ക് അബു, ലിജോജോസ്പെല്ലിശ്ശേരി തുടങ്ങിയ നവ തരംഗ സിനിമാക്കാർ ശ്രമിക്കുന്നതും ഇതേ രീതിയിൽ സിനിമകൾ ഉണ്ടാക്കാനാണ്.

സ്വപ്നാടനം മുതൽ എത്രയോ മികച്ച ചിത്രങ്ങൾ

1976 ൽ സ്വപ്നാടനം എന്ന സിനിമ ഒരുക്കുമ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്ന ധൈര്യം എന്തെന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നാണ്. 70 കാലഘട്ടങ്ങളിൽ നമ്മുടെ സിനിമയുടെ അവസ്ഥ എന്നത് ഇങ്ങനെയായിരുന്നു. ഒരു നായകനും നായികയും, അവരുടെ പ്രണയം, പ്രണയം പരമോന്നതയിൽ എത്തുമ്പോൾ നിർബന്ധമായും കുറഞ്ഞത് നായകനും നായികയും ഒത്തുള്ള നാലു മരംചുറ്റി പ്രേമഗാനങ്ങൾ. ഇത്തരം സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് കൊണ്ട് മാത്രം സിനിമ ഇറക്കിയാൽ മാത്രം വിജയം ഉറപ്പാക്കിയിരുന്നു ഒരു സമയത്തു സ്വപ്നാടനം പോലൊരു തികച്ചു ഓഫ്ബീറ്റായ ഒരു സിനിമയുമായി മലയാള സിനിമയിലേക്ക് കടന്നു വരാൻ കെ ജി ജോർജ് കാണിച്ച ധൈര്യം, അവിടെ തുടങ്ങുന്നു മലയാള സിനിമയുടെ മാറ്റം, സുവർണ കാലഘട്ടം.

. റാണി ചന്ദ്ര, ഡോ മോഹൻദാസ്, എംജി സോമൻ, പികെ വേണുക്കുട്ടൻ നായർ എന്നിവരായിരുന്നു സ്വപ്നാടനത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ നേടിയ സൈക്കോ ഡ്രാമ അതുവരെ മലയാളത്തിൽ കാണാത്ത ആഖ്യാന രീതിയിലായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.1981 ൽ പുറത്തിറങ്ങിയ കോലങ്ങൾക്ക് മുമ്പേ സഞ്ചരിച്ച ചിത്രമെന്ന് പറയാം. പിജെ ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. തിലകൻ, വേണു നാഗവള്ളി, ശ്രീനിവാസൻ, നെടുമുടി വേണു, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് കോലങ്ങൾ.

1982 ൽ പുറത്തിറങ്ങിയ യവനിക തിരക്കഥാ പഠനത്തിനുള്ള ടെക്സ്റ്റ് ബുക്ക് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ്. മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലറുകളിലൊന്ന്. അയ്യപ്പൻ എന്ന തബലിസ്റ്റായി ഭരത് ഗോപി ആടിത്തകർത്ത സിനിമ. മമ്മൂട്ടി, ജലജ, വേണു നാഗവള്ളി, തിലകൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.84 ൽ പുറത്തിറങ്ങിയ ആദാമിന്റെ വാരിയെല്ല് മലയാള സിനിമ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. സ്ത്രീ പക്ഷ സിനിമകൾ സജീവമാവുുന്നതിനുമൊക്കെ ഒരുപാട് മുമ്പ് മൂന്ന് സ്ത്രീകളുടെ കഥ പറഞ്ഞ ചിത്രം. സുഹാസിനി, ശ്രീവിദ്യ, സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. റിയലിസലും സർ റിയലിസവും കൂടിച്ചേർന്ന ക്ലാസിക് സിനിമയാണ് ആദാമിന്റെ വാരിയെല്ല്.

തന്റെ മുൻ സിനിമകളിൽ നിന്നും തീർത്തും വ്യത്സത്മായിരുന്നു പഞ്ചവടിപ്പാലം. കെജി ജോർജിന്റെ പഞ്ചവടിപ്പാലം. 1984 ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമ ഇന്നുവരെ കണ്ടതിൽ ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയർ ആണെന്ന് പറയാം. ദുശ്ശാസന കുറുപ്പ്, ശിഖണ്ഡിപ്പിള്ളി, പഞ്ചവടി റാഹേൽ തുടങ്ങിയ കഥാപാത്രങ്ങൾ ഓരോരുത്തരും മലയാളികൾക്ക് സുപരിചിതരാണ്. ഭരത് ഗോപി, സുകുമാരി, നെടുമുടി വേണു, തിലകൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.ഇന്നുവരെ മലയാളത്തിലിറങ്ങിയ സൈക്കോ ത്രില്ലറുകളെല്ലാം നേരിടുന്ന വെല്ലുവിളിയാണ് ഇരകൾ. കാലത്തിന് മുന്നെ സഞ്ചരിച്ച മറ്റൊരു കെജി ജോർജ് വിസ്മയം. 1985 ൽ പുറത്തിറങ്ങിയ സിനിമ അതുവരെ മലയാളി കണ്ട സൈക്കോ ത്രില്ലറായിരുന്നില്ല. ഗണേശ് കുമാർ എന്ന നടന്റെ ആദ്യ ചിത്രം. ഒരു പുതുമുഖത്തെ വച്ച് ഇത്ര ശക്തമായ സിനിമ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ചങ്കുറ്റത്തെ അഭിനന്ദിച്ചേ മതിയാകൂ. തിലകൻ, ശ്രീവിദ്യ, സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

ആവർത്തനങ്ങൾ ഇല്ലാത്ത പ്രമേയ വൈവിധ്യം

കെ ജി ജോർജിന്റെ സിനിമയിലെ പ്രമേയ വൈവിധ്യം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും സ്വയം ആവർത്തിച്ചിട്ടില്ലാത്ത സംവിധായകനാണ് അദ്ദേഹം. സ്വപ്നാടനം കഴിഞ്ഞ് അദ്ദേഹം ചെയ്ത ചില സിനിമകൾ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് വ്യാമോഹം (1977). ആ ചിത്രത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തിൽ എത്തുന്നത്. മണ്ണ്, ഇനി അവൾ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും അത്രകണ്ട് ശ്രദ്ധേയമായില്ല.പക്ഷേ പത്മരാജന്റെ തിരക്കഥയിൽ കെജി ജോർജ് ചെയ്ത ഒരേയൊരു സിനിമയായ 'രാപ്പാടികളുടെ ഗാഥ' എന്ന ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എഴുപതുകളിലെ യുവാക്കളിൽ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസികപ്രശ്‌നങ്ങളുമൊക്കെയായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വന്ന രാപ്പാടികളുടെ ഗാഥയുടെ പ്രമേയം.

മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന 'ഉൾക്കടൽ', മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന 'പഞ്ചവടിപ്പാലം',മലയാള സിനിമയിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ 'യവനിക',മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ 'ഇരകൾ', മലയാള സിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമ 'ആദാമിന്റെ വാരിയെല്ല്' അങ്ങനെ സംവിധാനം ചെയ്ത കുറച്ചു സിനിമകളിൽ ഭൂരിപക്ഷവും ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ചതായി നിലകൊള്ളുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP